തൃശ്ശൂർ: എട്ട് വർഷക്കാലം കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടായിരുന്ന കെ ജയശങ്കറിനെ തൃശൂർ ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയായി നിയമിച്ചു.
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് സണ്ണി ജോസഫാണ് നിയമന ഉത്തരവ് പുറത്തിറക്കിയത്. കെ എസ് യു തലപ്പിള്ളി താലൂക്ക് പ്രസിഡണ്ട്, വടക്കാഞ്ചേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട്, യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ സംഘടനാ ചുമതലകൾ വഹിച്ചു പ്രവർത്തിച്ചിട്ടുള്ള നേതാവാണ് കെ ജയശങ്കർ.
2005ൽ കാട്ടകാമ്പാൽ പഞ്ചായത്ത് അംഗം, 2010ൽ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ്, 2015ൽ തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം എന്നീ പദവികളും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. കോഴിക്കോട് സർവകലാശാലയിലേക്ക് തുടർച്ചയായി മൂന്ന് തവണ വിദ്യാർത്ഥി പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി കൂടിയാണ്.
നിലവിൽ കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡണ്ടായി പ്രവർത്തിച്ചു വരികയാണ് കെ ജയശങ്കർ. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കുന്നംകുളം മേഖലയിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉത്തരവാദിത്വം നൽകപ്പെട്ടിരിക്കുന്നത്.






