എറണാകുളം: കാലടിയിൽ റോഡിലെ കുഴിയിൽ കുരുങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുഴി നിറഞ്ഞതോടെ കാലടി പാലത്തിലെ ഗതാഗത കുരുക്ക് രൂക്ഷമായിരിക്കുകയാണ്. കാറിൽ നിന്നും പുറത്തിറങ്ങിയ മന്ത്രി പാലത്തിലെ കുഴി പരിശോധിച്ചു. പാലത്തിന്റെ അറ്റകുറ്റപണികൾ എത്രയും വേഗം പരിഹരിക്കാൻ പൊതുമരാമത്ത് സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി.
തൃശൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് കാലടി പാലത്തിലെ ഗതാഗതക്കുരുക്കിൽ കേന്ദ്രമന്ത്രി കുടുങ്ങിയത്. പൈലറ്റ് വാഹനത്തിൽ നിന്നുള്ളവർ ഇറങ്ങി മന്ത്രിയെ കടത്തിവിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നാലെ പ്രദേശവാസികളെത്തി സുരേഷ് ഗോപിയോട് തങ്ങളുടെ ദുരിതം വിവരിക്കുകയായിരുന്നു. നാട്ടുകാരുടെ പരാതി കേട്ട സുരേഷ് ഗോപി ഉടൻ തന്നെ പൊതുമരാമത്ത് സെക്രട്ടറിയെ ഫോണിൽ വിളിച്ച് പ്രശ്ന പരിഹാരത്തിന് നിർദ്ദേശം നൽകി.
അടിയന്തിരമായി ഒരു കല്ലെങ്കിലും കുഴിയിൽ കൊണ്ടിടാൻ ആവശ്യപ്പെടാൻ നാട്ടുകാർ പറഞ്ഞപ്പോൾ, എന്നിട്ട് വേണം ജയസൂര്യക്കെതിരെ കേസെടുത്തത് പോലെ തനിക്കെതിരെയും കേസ് എടുക്കാനെന്ന് സുരേഷ് ഗോപി പരിഹസിച്ചു.






