ഷിംല: ഗാന്ധി കുടുംബത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവെച്ചെന്ന പരാതിയിൽ ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരെ പൊലീസ് കേസെടുത്തു. ഹിമാചൽ പ്രദേശിലെ ഷിംല പൊലീസാണ് വെള്ളിയാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മാനനഷ്ടം, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് കങ്കണയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കങ്കണയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടായ @KanganaTeam-ൽ നവംബർ 10ന് പങ്കുവെച്ച പോസ്റ്റുകളാണ് പരാതിക്ക് ആധാരം. ഗാന്ധി കുടുംബത്തിന്റെ പഴയകാല വീഡിയോ ദൃശ്യങ്ങൾക്കൊപ്പമായിരുന്നു പോസ്റ്റുകൾ പങ്കുവെച്ചത്. ഷിംല സ്വദേശിയായ ക്യാപ്റ്റൻ അതുൽ ശർമയാണ് സംഭവത്തിൽ ഹിമാചൽ പ്രദേശ് ഡിജിപിക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.



