ഇന്ത്യന്‍ ബോക്സോഫീസില്‍ കുതിപ്പ് തുടരുകയാണ് കാന്താര ചാപ്റ്റര്‍ 1. ചിത്രം ഒരാഴ്ച പിന്നിടുമ്പോൾ 427 കോടി കളക്ഷൻ നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഋഷഭ് ഷെട്ടി എഴുത്തുകാരനും സംവിധായകനും നടനുമായ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
കേരളത്തിലടക്കം മികച്ച പ്രതികരണം നേടിയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഓരോ ദിവസം കഴിയുന്തോറും പുതിയ ഉയരങ്ങള്‍ കീഴടക്കുന്ന ചിത്രം കാന്താരയുടെ തന്നെ കളക്ഷന്‍ മറികടന്നിരിക്കുകയാണ്. കാന്താരയുടെ കളക്ഷനാണ് വെറും ആറ് ദിവസം കൊണ്ട് കാന്താര ചാപ്റ്റര്‍ 1 മറികടന്നിരിക്കുന്നത്. ഇക്കഴിഞ്ഞ രണ്ടാം തിയതിയാണ് കാന്താര ചാപ്റ്റര്‍ 1 തിയറ്ററുകളില്‍ എത്തിയത്.
പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കിംഗ് സൈറ്റായ സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ആറ് ദിവസത്തെ ചിത്രത്തിന്റെ ആഗോളകളക്ഷന്‍ 425 കോടി രൂപയാണ്. അതേസമയം ഇനി കാന്താര ചാപ്റ്റര്‍ 1ന് മുന്നിലുള്ളത് ഒരേയൊരു ചിത്രമാണ്. യാഷ് നായകനായി വന്ന കന്നടചിത്രം കെ ജി എഫ് ചാപ്റ്റര്‍ 2 ആണിത്. 425കോടി രൂപയാണ് ഈ പടത്തിന്റെ ഫൈനല്‍ കളക്ഷന്‍. കെജിഎഫ് 2വിനെ കാന്താര ചാപ്റ്റര്‍ 1 മറികടക്കുമോ ഇല്ലയോ എന്നാണ് ഇന്ത്യന്‍ ബോക്സോഫീസ് ഉറ്റുനോക്കുന്നത്.






