ബംഗളൂരു: കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലനിന്നിരുന്ന ഹിജാബ് നിരോധനം പിന്‍വലിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍. ഇതുസംബന്ധിച്ച് പുതിയ ഉത്തരവിറക്കി. 2022ല്‍ മുന്‍ ബിജെപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിവാദമായ നിരോധന ഉത്തരവാണ് പിന്‍വലിച്ചത്. യൂണിഫോമിനൊപ്പം പരമ്പരാഗതവും ആചാരപരവുമായ അടയാളങ്ങള്‍ ധരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമുണ്ടാകുമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു.
ഉഡുപ്പിയിലെ ഒരു സര്‍ക്കാര്‍ കോളജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. യൂണിഫോം നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 5ന് ബിജെപി സര്‍ക്കാര്‍ ഉത്തരവിറക്കി. കേസ് കോടതിയിലുമെത്തി. 2022 മാര്‍ച്ചില്‍ കര്‍ണാടക ഹൈക്കോടതി ഹിജാബ് നിരോധനം ശരിവെച്ചു. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിലെ അവിഭാജ്യ ഘടകമല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.






