കണ്ണൂർ: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ അവസ്ഥയെ രൂക്ഷമായി വിമർശിച്ച് സിപിഐഎം നേതാവ് എം.വി. ജയരാജൻ. രോഗികൾക്ക് തുന്നിക്കെട്ടാൻ പഞ്ഞി പോലും ലഭിക്കാത്ത സാഹചര്യമാണെന്നും അതേസമയം മന്ത്രിയുടെ പ്രസ്താവനകൾക്ക് കുറവില്ലെന്നും അദ്ദേഹം ആരോപിച്ചു.
കായിക മേളയ്ക്കിടെ അപകടമുണ്ടായപ്പോൾ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ പോലും ആവശ്യമായ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും ജയരാജൻ പറഞ്ഞു. സംഭവത്തിൽ കായിക മന്ത്രി വിദ്യാഭ്യാസ മന്ത്രിയെ പഴിചാരി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഗോകുൽ ഗോപനെതിരെയും ജയരാജൻ രൂക്ഷ വിമർശനം ഉന്നയിച്ചു. കുപ്രസിദ്ധിക്ക് റെക്കോർഡ് നൽകേണ്ട ഉദ്യോഗസ്ഥനാണ് ഗോകുലെന്നും അദ്ദേഹം ആരോപിച്ചു. ഗോകുലിനെ കന്റോൺമെന്റ് സ്റ്റേഷനിൽ നിന്ന് മാറ്റുന്നതുവരെ പ്രതിഷേധം തുടരുമെന്നും ജയരാജൻ വ്യക്തമാക്കി.
രാഷ്ട്രീയ കേസുകളിലും പൊലീസ് നടപടികളിലും ഇരട്ടത്താപ്പുണ്ടെന്നും കോൺഗ്രസ്, ബിജെപി പ്രവർത്തകർ കുറ്റം ചെയ്താൽ കേസെടുക്കുന്നില്ലെന്നും സിപിഐഎം പ്രവർത്തകർക്കെതിരെ മാത്രമാണ് കേസെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബിനീഷ് കോടിയേരിയുടെ പ്രസ്താവനയിലും ജയരാജൻ പ്രതികരിച്ചു. ബിനീഷ് കോടിയേരിയുടെ കേസും എക്സലോജിക് കേസും വ്യത്യസ്തമാണെന്ന് അദ്ദേഹം പറഞ്ഞു. എക്സലോജിക് കേസിലൂടെ തുടക്കം മുതൽ പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള നീക്കമാണ് നടന്നതെന്നും സിപിഐഎം നേതാക്കളെ വേട്ടയാടാൻ കേസ് ഉപയോഗിച്ചെന്നും ജയരാജൻ ആരോപിച്ചു.
അതേസമയം, പി. നന്ദകുമാറിന്റെ വിവാദ പരാമർശത്തിലും ജയരാജൻ നിലപാട് വ്യക്തമാക്കി. സിപിഐഎമ്മിന് ഏതെങ്കിലും മതത്തോടോ ജില്ലയോടോ എതിർപ്പില്ലെന്നും പാർട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവനകൾ നേതാക്കൾ നടത്തരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.




