ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയിക്ക് വീണ്ടും സിബിഐ നോട്ടീസ്. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമൻസ് നൽകിയത്. മുൻപ് രണ്ടു തവണ വിജയിയെ സിബിഐ ചോദ്യം ചെയ്തിരുന്നു. ആദ്യ രണ്ട് ഘട്ടങ്ങളിലെ ചോദ്യം ചെയ്യലിനുശേഷം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നതിനായാണ് പുതിയ സമൻസ് നൽകിയതെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസിൽ നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിൽ കരൂരിൽ വിജയിയുടെ രാഷ്ട്രീയ റാലിക്കിടെ ഉണ്ടായ തിക്കുംതിരക്കിൽ 41 പേർ മരിക്കുകയും ഏകദേശം 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം ആദ്യം പ്രത്യേക അന്വേഷണ സംഘം (SIT) നടത്തുകയായിരുന്നു.
എന്നാൽ പിന്നീട് സുപ്രീം കോടതിയുടെ നിർദേശപ്രകാരം കേസ് സിബിഐയ്ക്ക് കൈമാറി. കേസിന്റെ മേൽനോട്ടത്തിനായി മുൻ സുപ്രീം കോടതി ജഡ്ജിയായ അജയ് രസ്തോഗിയുടെ നേതൃത്വത്തിൽ പ്രത്യേക മേൽനോട്ട സമിതിയും കോടതി നിയോഗിച്ചിട്ടുണ്ട്. ഇതിന് മുമ്പ് ജനുവരി 12-നും 19-നും വിജയിയെ സിബിഐ ചോദ്യംചെയ്തിരുന്നു. ഇപ്പോഴത്തെ നോട്ടീസ്, അന്വേഷണത്തിന്റെ തുടർഘട്ടത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തുന്നതിനായാണെന്ന് അധികൃതർ വ്യക്തമാക്കി.






