കാസർഗോഡ്: മഞ്ചേശ്വരം തുമിനാട്ടിൽ പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി മരിച്ചു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേശ്വരം സ്വദേശിയായ ഷേക്ക് അബ്ബ ആണ് മരിച്ചത്.
ഇന്നലെ രാത്രി ഷേക്ക് അബ്ബയുടെ വീട്ടിൽ വെച്ചാണ് ഉമ്മർ ഫറൂഖ് തന്റെ 18 വയസുള്ള മകളായ മറിയം ജുമൈലയെ വെട്ടിക്കൊലപ്പെടുത്തിയത്. മറിയം ജുമൈലയുടെ മാതാവിന്റെ സഹോദരിയുടെ ഭർത്താവാണ് ഷേക്ക് അബ്ബ. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് സംഭവം നടന്നത്.
തർക്കത്തിനിടെ ഉമ്മർ ഫറൂഖ് ആദ്യം ഷേക്ക് അബ്ബയെ ആക്രമിക്കുകയും തുടർന്ന് ഭാര്യാസഹോദരിയായ താഹിറയെയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. പിതാവിന്റെ ആക്രമണം തടയാൻ ഇടപെട്ടപ്പോഴാണ് മറിയം ജുമൈലയ്ക്ക് ഗുരുതരമായി വെട്ടേറ്റത്. ഷേക്ക് അബ്ബയ്ക്ക് കാലിൽ ഗുരുതര പരിക്കേറ്റിരുന്നു.
സംഭവത്തിൽ പ്രതിയായ ഉമ്മർ ഫറൂഖിനെ മഞ്ചേശ്വരം പോലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തു. പിന്നീട് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതക കുറ്റത്തിനൊപ്പം പെൺകുട്ടിയുടെ മാതാവിനെ കൊല്ലാൻ ശ്രമിച്ചതിന് കൊലപാതക ശ്രമം, അതിക്രമിച്ചു കടക്കൽ എന്നീ വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്. പ്രതിയെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.
മറിയം ജുമൈലയുടെ മൃതദേഹം നിലവിൽ മഞ്ചേശ്വരത്തെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പ്രതി ഉമ്മർ ഫറൂഖ് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. ലഹരി ഉപയോഗിച്ചെത്തിയുള്ള വഴക്കുകൾ പതിവായതിനെ തുടർന്ന് ഇയാളെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു. വിദേശത്തായിരുന്ന ഉമ്മർ ഫറൂഖ് മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്.










