ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്‌ക്കെതിരേ സ്ത്രീവിരുദ്ധ പരാമർശം നടത്തി മുസ്‌ലിം ലീഗ് നേതാവ് എ. ഇർഷാദ്. കായംകുളം മണ്ഡലം യുഡിഎഫ് കൺവീനറായ ഇർഷാദ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. യുഡിഎഫ് കൺവെൻഷനിൽ നടത്തിയ പ്രസംഗത്തിലാണ് മോശം പരാമർശങ്ങൾ ഉണ്ടായത്. ഇത് വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. പ്രസ്താവനയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു.
യുഡിഎഫ് സ്ഥാനാർഥി എം. ലിജുവിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട കൺവെൻഷനാണ് സംഘടിപ്പിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഇതിനിടെ, ലിജു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേരിട്ട പരാജയങ്ങളെക്കുറിച്ച് നടത്തിയ പ്രതികരണം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.






