ചെന്നൈ: സോഷ്യൽ മീഡിയയിലെ തുടർച്ചയായ അധിക്ഷേപങ്ങൾക്കെതിരെ പ്രതികരിച്ച് വിജയ് മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രി കീർത്തന. തിരുപ്പതി ക്ഷേത്രദർശനത്തിന് പിന്നാലെ തനിക്കെതിരെ ഉയർന്ന ട്രോളുകളോടും വിമർശനങ്ങളോടും എക്സിലൂടെയാണ് മന്ത്രി പ്രതികരിച്ചത്. മുഖ്യമന്ത്രി വിജയിയുടെ പിന്തുണയാണ് തന്റെ ശക്തിയെന്നും ഒരു സ്ത്രീയായതുകൊണ്ടാണ് നിരന്തരം ചോദ്യം ചെയ്യപ്പെടുന്നതെന്നും കീർത്തന കുറിച്ചു.
തന്റെ ഓരോ വാക്കും ചുവടും സൂക്ഷ്മമായി പരിശോധിക്കപ്പെടുകയാണെന്ന് കീർത്തന പറഞ്ഞു. വരാനിരിക്കുന്ന പ്രസംഗങ്ങൾ പോലും ഓരോ വാക്കും പരിശോധിച്ച് വിമർശിക്കപ്പെടാം. എന്നാൽ, ലക്ഷ്യത്തിൽ ഉറച്ചുനിൽക്കുന്ന സ്ത്രീയെ ഇത്തരം വിമർശനങ്ങൾകൊണ്ട് തളർത്താനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി വിജയിയിൽ നിന്നുള്ള പിന്തുണയും ജനങ്ങൾ തന്നിൽ അർപ്പിക്കുന്ന വിശ്വാസവുമാണ് തന്റെ കരുത്തെന്നും കീർത്തന പറഞ്ഞു. തന്റെ മൂല്യം ഓരോ വിമർശകർക്കും മുന്നിൽ തെളിയിക്കേണ്ട ആവശ്യമില്ലെന്നും കാലം അത് തെളിയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.




