തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഞായറാഴ്ച വരെ ചില സ്ഥലങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മധ്യഛത്തീസ്ഗഢിനും വടക്കൻ ഒഡീഷയ്ക്കും മുകളിലായി രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ കേരളത്തിൽ ആഗസ്റ്റ് 2 വരെ നേരിയതോ മിതമായതോ ആയ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ജൂലൈ 30 മുതൽ ആഗസ്റ്റ് 1 വരെ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.












