ന്യൂഡൽഹി: ബീഹാറിലെ ജഹാനാബാദ് ജില്ലയിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ 22-കാരിയെ ഭർത്താവിന്റെ സഹോദരൻ തലയറുത്ത് കൊലപ്പെടുത്തി. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കേസിൽ പ്രതിയായ കുനാൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
അൻഷു കുമാരി (22)യാണ് കൊല്ലപ്പെട്ടത്. ഒരു വർഷം മുൻപാണ് അൻഷു, കുനാലിന്റെ സഹോദരനായ ധർമേന്ദ്ര കുമാറിനെ വിവാഹം കഴിച്ചത്. സംഭവസമയത്ത് വീട്ടിലെ മറ്റ് അംഗങ്ങൾ പാടത്ത് ജോലിക്കായി പോയിരിക്കുകയായിരുന്നു. ഇതിനിടെ കുനാൽ ഭക്ഷണം വിളമ്പാൻ അൻഷുവിനോട് ആവശ്യപ്പെട്ടു. ഭക്ഷണം വിളമ്പുന്നതിനിടെ അൻഷുവിന്റെ കൈയിൽ അഴുക്കുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
തർക്കം രൂക്ഷമായതോടെ കുനാൽ അൻഷുവിനെ മർദിക്കുകയും തുടർന്ന് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് തലയറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ്, കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഉൾപ്പെടെ വിശദമായ അന്വേഷണം ആരംഭിച്ചു.













