തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് കോടിക്കണക്കിന് രൂപ ചെലവഴിച്ച് വാങ്ങിയ മരുന്നുകളും മെഡിക്കൽ സാമഗ്രികളും ഉപയോഗിക്കാതെ വെയർഹൗസുകളിൽ കെട്ടിക്കിടന്ന് നശിച്ചതായി കണ്ടെത്തൽ. പത്ത് വർഷത്തിലേറെയായി സൂക്ഷിച്ചിരുന്ന നിരവധി മരുന്നുകൾ കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായിട്ടുണ്ട്. കൊവിഡ് കാലത്ത് വാങ്ങിയ മരുന്നുകളും പരിശോധനാ കിറ്റുകളും ഉൾപ്പെടെ വലിയ തോതിലുള്ള സാമഗ്രികളാണ് നശിച്ചവയിൽ ഉൾപ്പെടുന്നത്.
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കീഴിലുള്ള സംസ്ഥാനത്തെ 16 വെയർഹൗസുകളിലായി പെട്ടി പോലും തുറക്കാത്ത നിലയിൽ മരുന്നുകൾ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഉപയോഗശൂന്യമായ ഈ മരുന്നുകൾ ശാസ്ത്രീയമായി നശിപ്പിക്കുന്നതിന് മാത്രം ഏകദേശം അരക്കോടി രൂപ ചെലവ് വരുമെന്നാണ് വിലയിരുത്തൽ.
സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ആരോഗ്യവകുപ്പ് നടപടികൾ ആരംഭിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നടത്തിയ മരുന്ന് വാങ്ങൽ നടപടികൾ പരിശോധിക്കും. ആവശ്യത്തിലധികം മരുന്നുകളും മെഡിക്കൽ സാമഗ്രികളും വാങ്ങിയിട്ടുണ്ടോയെന്നും വാങ്ങൽ നടപടികളിൽ ക്രമക്കേടോ ദുരൂഹതയോ ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കും. ഉന്നതതല ഇടപെടലുകൾ ഉൾപ്പെടെ എല്ലാ വശങ്ങളും അന്വേഷണ പരിധിയിൽ വരുമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.












