തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നതിനാലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകി. നദിക്കരകളിലും അണക്കെട്ടുകളുടെ താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണം.
ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകൾ രക്ഷാക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കി ആവശ്യമായാൽ പകൽ സമയത്ത് തന്നെ അവിടേക്ക് മാറണം. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെയും റവന്യൂ വകുപ്പിന്റെയും സഹായം തേടാം.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ബലക്ഷയം സംഭവിച്ച വീടുകളിലും സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിലുമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. അപകടസാധ്യത തോന്നുന്ന സാഹചര്യങ്ങളിൽ അധികൃതരെ അറിയിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.















