മലപ്പുറം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ നടപടിയുടെ ഭാഗമായി മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട. കൊളത്തൂർ പോലീസും മലപ്പുറം ഡാൻസാഫ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ 97.60 ഗ്രാം എം.ഡി.എം.എയുമായി തിരൂർ പൊന്മുണ്ടം സ്വദേശി സക്കീർ ഹുസൈൻ (43) അറസ്റ്റിലായി.
ഞായറാഴ്ച രാത്രി കൊളത്തൂർ പലകപ്പറമ്പ്–പാങ്ങ് റോഡിൽ നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി പ്രതിയെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മലപ്പുറം നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. എൻ.ഒ. സിബിയുടെയും പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം.ബി. ലത്തീഫിന്റെയും നേതൃത്വത്തിൽ ദിവസങ്ങളായി പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു.
സക്കീർ ഹുസൈൻ മുൻപും ലഹരിക്കേസിൽ പ്രതിയാണ്. കഴിഞ്ഞ വർഷം എം.ഡി.എം.എ കൈവശംവെച്ച കേസിൽ അറസ്റ്റിലായി രണ്ട് മാസം ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാൾ, തിരൂർ, കോട്ടക്കൽ മേഖലകൾ കേന്ദ്രീകരിച്ച് യുവാക്കൾക്കും വിദ്യാർഥികൾക്കും ചെറിയ പായ്ക്കറ്റുകളിലാക്കി എം.ഡി.എം.എ വിതരണം ചെയ്തിരുന്ന പ്രധാന കണ്ണിയാണെന്ന് പോലീസ് അറിയിച്ചു.
പെരിന്തൽമണ്ണ ഡാൻസാഫ് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ, കൊളത്തൂർ ഇൻസ്പെക്ടർ എം. ബിജു, മലപ്പുറം ഇൻസ്പെക്ടർ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതിക്ക് എം.ഡി.എം.എ വിതരണം ചെയ്ത മൊത്തക്കച്ചവട ശൃംഖലയെ കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു.













