കൊച്ചി: നടി അൻസിബ നൽകിയ വർഗീയ അധിക്ഷേപ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പോലീസിന് നിർദേശം നൽകി. പരാതിയിൽ കേസെടുക്കാനാകില്ലെന്ന പോലീസിന്റെ റിപ്പോർട്ടിനെ തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്.
കോടതി നിർദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്താലും അന്വേഷണം നേരത്തെ റിപ്പോർട്ട് സമർപ്പിച്ച അതേ പോലീസ് സംഘമാകും നടത്തുകയെന്ന ആശങ്ക അൻസിബയുടെ അഭിഭാഷകൻ ഫിർദൗസ് പ്രകടിപ്പിച്ചു. അന്വേഷണം ടിനി ടോമിന് അനുകൂലമാകാൻ സാധ്യതയുണ്ടെങ്കിലും നിയമപോരാട്ടം അവസാനംവരെ തുടരുമെന്ന് അൻസിബ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടിനി ടോമിനെ സംരക്ഷിക്കുന്ന തരത്തിലുള്ള റിപ്പോർട്ടാണ് പോലീസ് സമർപ്പിച്ചതെന്ന് അഭിഭാഷകൻ ആരോപിച്ചു. കേസിലെ പ്രധാന സാക്ഷികളിലൊരാളായ നടി നീന കുറുപ്പിന്റെ മൊഴി റിപ്പോർട്ടിൽ തെറ്റായി അവതരിപ്പിച്ചിട്ടുണ്ടെന്നും, കേട്ട കാര്യങ്ങൾ പരസ്യമായി പറയാൻ താൻ തയ്യാറാണെന്ന് നീന കുറുപ്പ് പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മറ്റൊരാളിൽ നിന്ന് കേട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനാകില്ലെന്നായിരുന്നു കടവന്ത്ര പോലീസ് എറണാകുളം സിറ്റി പോലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ നിലപാട്.
ജൂൺ ഒന്നിനാണ് അൻസിബ ടിനി ടോമിനെതിരെ പരാതി നൽകിയത്. തന്റെ പേരിൽ തുടർച്ചയായി അപവാദ പ്രചാരണം നടത്തിയെന്നും, ടിനി ടോമിന്റെ ഡ്രൈവറെ മതംമാറ്റാൻ ശ്രമിച്ചുവെന്നത് ഉൾപ്പെടെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്നും അൻസിബ പരാതിയിൽ ആരോപിച്ചു. തന്നെയും കുടുംബത്തെയും ലക്ഷ്യമിട്ട് വേട്ടയാടാൻ ശ്രമിച്ചുവെന്നും, കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയെന്നും, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലാണ് ടിനി ടോം പെരുമാറിയതെന്നും പരാതിയിൽ പറയുന്നു.
അതേസമയം, അൻസിബയുടെ ആരോപണങ്ങൾ ടിനി ടോം നിഷേധിച്ചിരുന്നു. സ്റ്റേജ് ഷോകളിൽ തർക്കങ്ങളും വാക്കേറ്റങ്ങളും സ്വാഭാവികമാണെന്നും, എന്നാൽ ഒരിക്കലും മോശം സന്ദേശങ്ങളോ അനുചിതമായ പെരുമാറ്റമോ തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അൻസിബയെ ‘ജിഹാദി’ എന്ന് വിളിച്ചിട്ടില്ലെന്നും ടിനി ടോം വ്യക്തമാക്കി.
സംഭവം പുറത്തുവന്നതിന് പിന്നാലെ ‘അമ്മ’ സംഘടനയ്ക്കുള്ളിലും ടിനി ടോമിനെ അനുകൂലിച്ചും പ്രതികൂലിച്ചും അംഗങ്ങൾ പരസ്യമായി രംഗത്തെത്തിയിരുന്നു.













