കൊച്ചി: മാസപ്പടി കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീലുകൾ ഹൈക്കോടതി വീണ്ടും പരിഗണിക്കും. സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീലുകൾ സമർപ്പിച്ചിരിക്കുന്നത്. അപ്പീലുകൾ വൈകിട്ട് നാലിന് വീണ്ടും പരിഗണിക്കും.
സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആരോപണവിധേയന്റെ ഭാഗം കേൾക്കേണ്ടതുണ്ടോ എന്ന് കോടതി ചോദിച്ചു. അന്വേഷണം നടത്താൻ ആവശ്യമായ വിവരങ്ങളും തെളിവുകളും ഉണ്ടെങ്കിൽ ആരോപണവിധേയനെ കേൾക്കേണ്ടതുണ്ടോ എന്നും കോടതി ആരാഞ്ഞു.
സിംഗിൾ ബെഞ്ചിന് മുന്നിൽ നടന്ന കേസിൽ കക്ഷികളായിരുന്നില്ലെന്നതിനാലാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അപ്പീൽ നൽകാൻ അനുമതി തേടിയത്. തുടർന്ന് ഡിവിഷൻ ബെഞ്ച് അപ്പീൽ സമർപ്പിക്കാൻ അനുമതി നൽകുകയായിരുന്നു. ജസ്റ്റിസുമാരായ കെ. നടരാജനും ജോബിൻ സെബാസ്റ്റ്യനും അടങ്ങിയ ബെഞ്ചാണ് അപ്പീലുകൾ പരിഗണിക്കുന്നത്.
സിംഗിൾ ബെഞ്ചിന്റെ ഒക്ടോബർ ഒൻപതിലെ ഉത്തരവ് പൂർണമായി റദ്ദാക്കണമെന്നും അപ്പീലിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവും തുടർനടപടികളും സ്റ്റേ ചെയ്യണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആകെ നാല് അപ്പീലുകളാണ് സമർപ്പിച്ചിരിക്കുന്നത്.
തന്റെ വാദം കേൾക്കാൻ അവസരം നൽകാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നും ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും പിണറായി വിജയൻ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. ഇതേ വിഷയവുമായി ബന്ധപ്പെട്ട പരാതികൾ നേരത്തേ വിജിലൻസ് കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവ പരിശോധിച്ച് തള്ളിയതാണെന്നും അപ്പീലിൽ പറയുന്നു.
അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ആവശ്യമായ തെളിവുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ വിവരങ്ങളിലില്ലെന്നാണ് അപ്പീലിലെ മറ്റൊരു വാദം. മുദ്രവച്ച കവറിൽ ലഭിച്ച വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടത് ശരിയായ നടപടിയല്ലെന്നും ഹർജിയിൽ നടപടി സ്വീകരിക്കാൻ സിംഗിൾ ബെഞ്ചിന് അധികാരമില്ലായിരുന്നുവെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.
സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നും അത് റദ്ദാക്കണമെന്നുമാണ് പിണറായി വിജയന്റെ ആവശ്യം. അപ്പീലുകളിൽ ഹൈക്കോടതിയുടെ തുടർനടപടികൾ നിർണായകമാകും.




