തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു. മഴ കൂടുതൽ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇതോടെ ഇന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തെ തുടർന്ന് സംസ്ഥാനത്ത് അടുത്ത നാല് ദിവസവും വ്യാപക മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചില സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.











