കോഴിക്കോട്: റാഗിങ് തടയാനെന്ന പേരിൽ വിചിത്ര നടപടിയുമായി കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ. വിദ്യാർത്ഥികൾക്കിടയിലെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി ആൺകുട്ടികളുടെ ശുചിമുറികൾ പ്രിൻസിപ്പൽ പൂട്ടിയിട്ടു.
ഇന്റർവെൽ സമയത്ത് മാത്രമാണ് ശുചിമുറി തുറന്നുനൽകുന്നത്. മറ്റ് സമയങ്ങളിൽ ഉപയോഗിക്കണമെങ്കിൽ പ്രിൻസിപ്പലിന്റെ അനുമതി വേണമെന്നാണ് നിർദേശം. നവീകരിച്ച ശുചിമുറി വൃത്തിഹീനമാകാതിരിക്കാനാണ് പൂട്ടിയിടുന്നതെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം.
എന്നാൽ നടപടി വിവാദമായതോടെ പിടിഎ ഇടപെട്ടു. വിദ്യാർത്ഥികൾക്ക് ശുചിമുറി സൗകര്യം തടസ്സമില്ലാതെ ലഭ്യമാക്കണമെന്ന് പിടിഎ ആവശ്യപ്പെട്ടു.
അതേസമയം, കോഴിക്കോട് അത്തോളിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ മർദ്ദിച്ച സംഭവവും റിപ്പോർട്ട് ചെയ്തു. കൊളത്തൂർ എസ്ജിഎം എച്ച്എസ്എസിലെ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.
സംഭവത്തിൽ ആറ് വിദ്യാർത്ഥികൾക്കെതിരെ സ്കൂൾ നടപടി സ്വീകരിച്ചു. ഇവരെ സസ്പെൻഡ് ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.




