കോഴിക്കോട്: ‘ഒരാൾക്ക് ഒരു പദവി’ എന്ന സംഘടനാ നയം കർശനമായി നടപ്പാക്കാൻ മുസ്ലിം ലീഗ് തീരുമാനം. മന്ത്രിമാരും എം.എൽ.എമാരും ഉൾപ്പെടെ ഒന്നിലധികം ചുമതലകൾ വഹിക്കുന്നവർ അധിക പദവികൾ ഒഴിയണമെന്ന് പാർട്ടി നിർദേശിച്ചു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃയോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
സംസ്ഥാന ഭാരവാഹിത്വം ഒഴിയുന്ന നേതാക്കളെ സെക്രട്ടേറിയറ്റ് അംഗങ്ങളായി ഉൾപ്പെടുത്താനും തീരുമാനമായി. ഇതോടെ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ, മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ്, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി ടി.പി. അഷറഫലി, ഫൈസൽ ബാബു എന്നിവർ ഉൾപ്പെടെ നിരവധി നേതാക്കൾക്ക് നിലവിലെ അധിക ചുമതലകൾ ഒഴിയേണ്ടിവരും.
സംഘടനാ ചുമതലകളിൽ കൂടുതൽ പ്രവർത്തകർക്ക് അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ‘ഒരാൾക്ക് ഒരു പദവി’ എന്ന നിർദേശം നേരത്തേ സംസ്ഥാന കമ്മിറ്റി സർക്കുലറിലൂടെ പ്രഖ്യാപിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻ, ഉപാധ്യക്ഷൻ, സ്ഥിരംസമിതി അധ്യക്ഷൻ തുടങ്ങിയ പദവികൾ വഹിക്കുന്നവർക്കും ഈ നയം ബാധകമാണ്. തദ്ദേശതലത്തിൽ ഇത് ഭാഗികമായി നടപ്പാക്കിയിട്ടുണ്ടെങ്കിലും, എം.പിമാരും എം.എൽ.എമാരും പാർട്ടി ഭാരവാഹിത്വവും ഒരുമിച്ച് വഹിക്കുന്ന സാഹചര്യം തുടരുന്നതിനാലാണ് തീരുമാനം വീണ്ടും കർശനമായി നടപ്പാക്കാൻ നേതൃത്വം നിർദേശിച്ചത്.




