തിരുവനന്തപുരം: സേവനം മോശമാണെന്ന വ്യാപക പരാതിയെ തുടർന്ന് കെഎസ്ആർടിസി കുറിയർ സർവീസ് താൽക്കാലികമായി നിർത്തിവച്ചു. സർവീസിന്റെ നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ആന്ധ്ര ആസ്ഥാനമായ സ്വകാര്യ ഏജൻസിയായ സിംഗു സൊല്യൂഷൻസിനോട് സേവനം അവസാനിപ്പിക്കാൻ കെഎസ്ആർടിസി നോട്ടീസ് നൽകി.
കുറിയർ കൃത്യസമയത്ത് വിതരണം ചെയ്യാൻ കഴിയാത്തതും വരുമാനത്തിൽ ഇടിവുണ്ടായതുമാണ് സ്വകാര്യ ഏജൻസിയെ ഒഴിവാക്കാനുള്ള പ്രധാന കാരണങ്ങളെന്ന് കെഎസ്ആർടിസി അറിയിച്ചു. ജൂലൈ 29 മുതൽ പുതിയ ബുക്കിങ് സ്വീകരിക്കേണ്ടതില്ലെന്ന് ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കെഎസ്ആർടിസി നേരിട്ട് കുറിയർ സർവീസ് നടത്തിയിരുന്ന സമയത്ത് മികച്ച വരുമാനം ലഭിച്ചിരുന്നു. സേവനം കൂടുതൽ പ്രൊഫഷണലാക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്വകാര്യ ഏജൻസിക്ക് നടത്തിപ്പ് ചുമതല കൈമാറിയത്.
നിലവിൽ സർവീസ് നിർത്തിവച്ചെങ്കിലും പുതിയ ടെൻഡർ ക്ഷണിക്കാനാണ് കെഎസ്ആർടിസിയുടെ നീക്കം. മറ്റ് കമ്പനികൾ ടെൻഡറിൽ പങ്കെടുക്കാത്ത സാഹചര്യമുണ്ടായാൽ സ്വന്തം നിലയിൽ തന്നെ കുറിയർ സർവീസ് പുനരാരംഭിക്കാനും ആലോചനയുണ്ട്.
ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ മന്ത്രിയായിരുന്ന കാലയളവിലാണ് കഴിഞ്ഞ വർഷം കുറിയർ സർവീസിന്റെ നടത്തിപ്പ് സിംഗു സൊല്യൂഷൻസിന് കൈമാറിയത്. ടിക്കറ്റ് വരുമാനത്തിന് പുറമെ കെഎസ്ആർടിസിയുടെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നായിരുന്നു കുറിയർ സർവീസും.




