ന്യൂഡൽഹി: പൊതുപരീക്ഷാ ഭേദഗതി ബിൽ ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിൽ ഹാജരാകാതിരുന്നതിനെച്ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ നടപടികൾ തടസ്സപ്പെട്ടു. ആഭ്യന്തരമന്ത്രി സഭയിലെത്തി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കിയതോടെ സഭ പലതവണ നിർത്തിവയ്ക്കേണ്ടിവന്നു.
രാവിലെ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും ഉച്ചയ്ക്ക് 12 വരെ നിർത്തിവെച്ചിരുന്നു. പിന്നീട് സഭ ചേർന്നെങ്കിലും പ്രതിഷേധം തുടർന്നതോടെ രാജ്യസഭ നടപടികൾ വീണ്ടും തടസ്സപ്പെടുകയും തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിവരെ നിർത്തിവയ്ക്കുകയും ചെയ്തു.
ഇതിനിടെ, എസ്.എഫ്.ഐ ഡൽഹി സംസ്ഥാന സെക്രട്ടറി ഐഷി ഘോഷിനെ കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലീസ് സി.പി.എമ്മിന്റെ കേന്ദ്ര ആസ്ഥാനമായ എ.കെ.ജി. ഭവനിലെത്തിയ സംഭവം സി.പി.എം എം.പി. ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ ഉന്നയിച്ചു. ജന്തർ മന്തറിലെ പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന കാരണത്താലാണ് പോലീസ് നടപടി സ്വീകരിച്ചതെന്നും, താനും അതേ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യൂണിഫോമോ തിരിച്ചറിയൽ ബാഡ്ജോ ഇല്ലാതെയാണ് പോലീസ് എ.കെ.ജി. ഭവനിൽ പ്രവേശിച്ചതെന്നും, ഇത് ഒരു ദേശീയ പാർട്ടിയുടെ ഓഫീസിനെതിരായ ഗുരുതര നടപടിയാണെന്നും ബ്രിട്ടാസ് ആരോപിച്ചു. ഒരു പാർട്ടിയെ മാത്രമല്ല, ജനാധിപത്യ സംവിധാനത്തെ തന്നെ ബാധിക്കുന്ന വിഷയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സഭയിൽ സംസാരിക്കുന്നതിനിടെ തന്റെ ദൃശ്യങ്ങൾ സഭയുടെ ക്യാമറയിൽ കാണിക്കാത്തതിലും ബ്രിട്ടാസ് പ്രതിഷേധം രേഖപ്പെടുത്തി. ഇതിന് മറുപടിയായി, “താങ്കൾ എന്നോടാണ് സംസാരിക്കുന്നത്” എന്നാണ് രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണൻ പ്രതികരിച്ചത്.
അതേസമയം, ഡൽഹി പോലീസിന്റെ നടപടി സാധാരണ നിയമ-ക്രമ പരിപാലനത്തിന്റെ ഭാഗമാണെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ പറഞ്ഞു. സംഭവത്തെ പ്രതിപക്ഷം അനാവശ്യമായി രാഷ്ട്രീയവത്കരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിയമപ്രകാരം പോലീസാണ് നടപടി സ്വീകരിച്ചതെന്നും, സമരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഇത്തരം നടപടികൾ നേരിടേണ്ടിവരുന്നത് അസാധാരണമല്ലെന്നും നദ്ദ വ്യക്തമാക്കി.











