ന്യൂഡൽഹി: ദില്ലി പൊലീസിന്റെ അറസ്റ്റ് നീക്കത്തിനെതിരെ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറി ഐഷി ഘോഷ് കോടതിയെ സമീപിച്ചു. അറസ്റ്റ് വാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാട്യാല ഹൗസ് കോടതിയിലാണ് ഹർജി നൽകിയത്.
ഐഷി ഘോഷിനെ സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിൽ നിന്ന് അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിനെതിരെ സിപിഎം പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ്. വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സിപിഎം നേതാക്കൾ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി വൈകിയും ഐഷി ഘോഷിനെ തേടി ദില്ലി പൊലീസ് ഉദ്യോഗസ്ഥർ മഫ്തിയിൽ എകെജി ഭവനിലെത്തിയിരുന്നു. എന്നാൽ ഓഫീസിലുണ്ടായിരുന്ന സിപിഎം നേതാക്കൾ പൊലീസിനെ തടഞ്ഞതിനെ തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങിപ്പോയി.
2021-ൽ ദില്ലി ബാംഗ്ല ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഐഷി ഘോഷിനെതിരെ പാട്യാല ഹൗസ് കോടതിയിൽ നടപടി പുരോഗമിക്കുന്നത്. ഒരു തവണ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
എന്നാൽ വാറണ്ട് റദ്ദാക്കുന്നതിനായി കോടതിയെ സമീപിക്കാനിരിക്കെയാണ് പൊലീസ് തിടുക്കത്തിൽ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതെന്ന് സിപിഎം ആരോപിച്ചു. ജന്തർ മന്തറിലെ പ്രതിഷേധ സമരങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഐഷി ഘോഷിനെതിരായ നടപടി രാഷ്ട്രീയ പ്രതികാരമാണെന്നും സിപിഎം വിമർശിച്ചു.
അതേസമയം, കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ മാത്രമാണ് പൊലീസ് സ്വീകരിക്കുന്നതെന്നാണ് അധികൃതരുടെ നിലപാട്.




