തിരുവനന്തപുരം: അഴിമതി വിരുദ്ധ ബോധവൽക്കരണം ശക്തമാക്കാൻ ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ‘പ്രൊജക്ട് സീറോ’ പദ്ധതിക്ക് തുടക്കമായി. വിജിലൻസ് വകുപ്പും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം ലയോള സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പദ്ധതിയുടെ ഭാഗമായി നടൻ നിവിൻ പോളി ആദ്യ ‘വിജിലൻസ് കമാൻഡോ’യായി വിജിലൻസ് വിസിൽ മുഴക്കി.
‘പ്രൊജക്ട് സീറോ’ സമൂഹത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന തുടക്കമാണെന്ന് നിവിൻ പോളി പറഞ്ഞു. നിയമത്തിലുള്ള വിശ്വാസമാണ് ഒരു സമൂഹത്തിന്റെ അടിത്തറയെന്നും, ആ വിശ്വാസം നഷ്ടപ്പെട്ടാൽ സമൂഹം തന്നെ തകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൈക്കൂലി വാങ്ങുന്നതും നൽകുന്നതും മാത്രമല്ല, ഒരാളുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതും കുറുക്കുവഴികൾ സ്വീകരിക്കുന്നതും അഴിമതിയുടെ ഭാഗമാണെന്ന് നിവിൻ പോളി ചൂണ്ടിക്കാട്ടി. നേരായ വഴിയിലൂടെ മുന്നേറിയാൽ വിജയിക്കാനാകില്ലെന്ന ധാരണ സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നും അത് ആദ്യം മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം മാറ്റങ്ങൾക്ക് തുടക്കം കുറിക്കേണ്ടത് വിദ്യാലയങ്ങളിൽ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനാവശ്യമായി തെറ്റായ വഴിയിലേക്ക് പ്രേരിപ്പിക്കുന്ന കൂട്ടുകെട്ടുകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പുതിയ തലമുറ ചോദ്യം ചെയ്യാൻ തയ്യാറായവരാണെന്നും നിവിൻ പോളി പറഞ്ഞു. പ്രതികരണശേഷിയുള്ള സമൂഹത്തിനാണ് ശക്തമായ ഭരണസംവിധാനം രൂപപ്പെടുത്താൻ കഴിയുകയെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് ലഭിച്ച പിന്തുണ പോലെ തന്നെ ‘പ്രൊജക്ട് സീറോ’യ്ക്കും ജനപിന്തുണ ലഭിക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തല അഭ്യർഥിച്ചു.




