ബെര്‍ലിന്‍: ജര്‍മനിയിലെ റെയില്‍വേ സ്റ്റേഷനിലുണ്ടായ കത്തിയാക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഹാംബര്‍ഗിലെ പ്രധാനറെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ പ്രതിയായ യുവതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 39 വയസ്സ് പ്രായമുള്ള യുവതിയാണ് അറസ്റ്റിലായത്. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
പ്രാദേശികസമയം വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. വാരാന്ത്യമായതിനാല്‍ സ്റ്റേഷനില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. കത്തിയുമായെത്തിയ യുവതി ഒറ്റയ്ക്കാണ് യാത്രക്കാര്‍ക്ക് നേരേ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പെട്ടെന്നുണ്ടായ ആക്രമണമാണ് നടന്നത്.പരിക്കേറ്റവരില്‍ ചിലര്‍ക്ക് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍വെച്ചാണ് പ്രാഥമികശുശ്രൂഷ നല്‍കിയത്. സംഭവത്തെത്തുടര്‍ന്ന് സ്റ്റേഷനിലെ നാല് പ്ലാറ്റ്ഫോമുകള്‍ അടച്ചിട്ടതായി അധികൃതര്‍ അറിയിച്ചു. ട്രെയിന്‍ സര്‍വീസുകള്‍ വൈകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.






