കൊച്ചി: സ്ഥിരമായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം. ഇതിനായി കോർപ്പറേഷൻ സെക്രട്ടറിക്ക് നിർദേശം നൽകി. ശേഖരിക്കുന്ന വിവരങ്ങൾ വിജിലൻസിന് കൈമാറി അപേക്ഷകർക്കെതിരെ അന്വേഷണം നടത്താനും യോഗത്തിൽ തീരുമാനമായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കൗൺസിൽ യോഗത്തിൽ സ്ഥിരമായി വിവരാവകാശ അപേക്ഷ നൽകുന്നവരുടെ ചിത്രങ്ങൾ കോർപ്പറേഷൻ ഓഫീസിൽ പ്രദർശിപ്പിക്കണമെന്ന ആവശ്യവും യു.ഡി.എഫ് കൗൺസിലർമാർ ഉന്നയിച്ചു. അപേക്ഷകരെ ‘വിവരാവകാശ തൊഴിലാളികൾ’ എന്ന് വിളിച്ച് അധിക്ഷേപിച്ചതായും ആരോപണമുണ്ട്.
അതേസമയം, കോർപ്പറേഷന്റെ നടപടിക്കെതിരെ കൗൺസിൽ യോഗത്തിൽ ശക്തമായ എതിർപ്പ് ഉയർന്നു. ഈ നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് എൽ.ഡി.എഫ് കൗൺസിലർ എലിസബത്ത് ടീച്ചർ പ്രതികരിച്ചു. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടുന്നവരെ നിരീക്ഷിക്കാനുള്ള നീക്കം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.




