കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പേര് കേരള മെട്രോ റെയിൽ ലിമിറ്റഡ് എന്നാക്കാനുള്ള ശുപാർശ കേന്ദ്രസർക്കാരിന്റെ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കെഎംആർഎൽ. ഒരു സംസ്ഥാനത്ത് ഒന്നിലധികം മെട്രോ പദ്ധതികൾ നടപ്പാക്കുന്ന സാഹചര്യത്തിൽ കമ്പനിക്ക് സംസ്ഥാനത്തിന്റെ പേര് നൽകണമെന്നതാണ് കേന്ദ്ര നിർദേശമെന്നാണ് കെഎംആർഎൽ വ്യക്തമാക്കുന്നത്.
നിലവിൽ കൊച്ചി മെട്രോ എന്ന പേര് മാറ്റാൻ തീരുമാനിച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാരിന്റെ പൂർണ സമ്മതത്തോടെയേ പേരുമാറ്റം നടപ്പാക്കുകയുള്ളൂവെന്നും കെഎംആർഎൽ അറിയിച്ചു. പേരുമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ തെറ്റിദ്ധാരണയുടെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്ന പേര് കേരള മെട്രോ റെയിൽ ലിമിറ്റഡ് എന്നാക്കണമെന്ന ശുപാർശ കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റയാണ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്. കൊച്ചിക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനായി കമ്പനിയുടെ പ്രവർത്തനപരിധി വിപുലീകരിക്കുകയാണ് പേരുമാറ്റത്തിന്റെ ലക്ഷ്യമെന്നാണ് കെഎംആർഎല്ലിന്റെ വിശദീകരണം.
ശുപാർശ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമർശനം ഉയർന്നിരുന്നു. കൊച്ചി മെട്രോയുടെ പേര് മാറ്റുന്നത് പരിഗണനയിലില്ലെന്നും സർക്കാർ അറിയാതെയാണ് പേരുമാറ്റത്തിന് നീക്കം നടന്നതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിന് പിന്നാലെ അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും കെഎംആർഎൽ വ്യക്തമാക്കിയിട്ടുണ്ട്. പേരുമാറ്റത്തിന് ശുപാർശ നൽകുക മാത്രമാണ് ചെയ്തതെന്നും നിലവിലെ കൊച്ചി മെട്രോ എന്ന പേര് തുടരുമെന്നും കെഎംആർഎൽ അറിയിച്ചു.


