കൊച്ചി: ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് പരിശോധന ഊർജിതമാക്കി. കേരള പൊലീസിന്റെ ‘ഓപ്പറേഷൻ ഗ്രിപ്പ്’ പദ്ധതിയുടെ ഭാഗമായി 2026 ഒക്ടോബർ 21ന് നടത്തിയ പരിശോധനയിൽ 125 പേരെ പരിശോധിച്ചു. ഇതിൽ 59 പേർക്കെതിരെ കരുതൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.
ഓപ്പറേഷൻ ഗ്രിപ്പ് പട്ടികയിൽ ഉൾപ്പെട്ട 20 പേരെ പരിശോധിച്ചതിൽ ഏഴ് പേർക്കെതിരെയാണ് കരുതൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചത്. വിവിധ പൊലീസ് സ്റ്റേഷനുകളിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുമായ 85 പേരെ പരിശോധിച്ചതിൽ 52 പേർക്കെതിരെയും നടപടി സ്വീകരിച്ചു.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തിലും ഡെപ്യൂട്ടി കമ്മീഷണർമാരായ അരുൺ കെ. പവിത്രൻ, മോഹിത് റാവത്ത് എന്നിവരുടെ മേൽനോട്ടത്തിലുമാണ് പരിശോധനകൾ നടന്നത്. സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർമാരും വിവിധ സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും പരിശോധനകൾക്ക് നേതൃത്വം നൽകി.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.




