കൊച്ചി: കൊച്ചി വാട്ടർ മെട്രോയുടെ പുതിയ ടെർമിനലുകളായ മട്ടാഞ്ചേരിയും വില്ലിംഗ്ഡൺ ഐലൻഡ് ടെർമിനലുകളും ഒക്ടോബർ 9 നാളെ രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഈ പുതിയ ടെർമിനലുകൾ തുറക്കുന്നതോടെ കൊച്ചി വാട്ടർ മെട്രോയുടെ ആകെ ടെർമിനലുകളുടെ എണ്ണം 12 ആയി ഉയരും. മട്ടാഞ്ചേരി ടെർമിനൽ ഡച്ച് പാലസിന് സമീപം 8000 ചതുരശ്രഅടി വിസ്തീർണ്ണത്തിലാണ് നിർമ്മിച്ചത്, വില്ലിംഗ്ഡൺ ഐലൻഡ് ടെർമിനലിന് 3000 ചതുരശ്രഅടി വിസ്തീർണ്ണമുണ്ട്.
ഉദ്ഘാടന ചടങ്ങിൽ വ്യവസായവകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷനാകും . കൂടാതെ കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, എം.പി. ഹൈബി ഈഡൻ, എം.എൽ.എ.മാരായ കെ.ജെ. മാക്സി, ടി.ജെ. വിനോദ്, കൊച്ചി കോർപ്പറേഷൻ കൗൺസിലർമാരായ റ്റി. പത്മകുമാരി, കെ.എ. ആൻസിയ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പ്രസംഗിക്കും.




