തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ 18 വയസ്സുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. പഴുപ്പറമ്പിൽ നൗഷാദിന്റെ മകൻ മുഹമ്മദ് അസ്ലമാണ് മരിച്ചത്. പൊലീസിന്റെ ക്രൂരമായ മർദനവും പീഡനവുമാണ് മകന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പിതാവിന്റെ ആരോപണം. എന്നാൽ കുടുംബത്തിന്റെ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു.
മുഹമ്മദ് അസ്ലമും സഹോദരൻ സഹലും ചേർന്ന് ഒരു പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുത്തെന്ന കേസിലാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തി 20 പവൻ സ്വർണവും 50,000 രൂപയും കൈക്കലാക്കിയെന്നാണ് പൊലീസ് ആരോപിക്കുന്ന കുറ്റം.
സ്റ്റേഷനിലെത്തിയ മൂത്ത മകന്റെ മുന്നിൽവെച്ച് ഇളയ മകനെ പൊലീസ് ക്രൂരമായി മർദിച്ചെന്നാണ് നൗഷാദിന്റെ ആരോപണം. ഇത് സഹിക്കാനാകാതെയാണ് മൂത്ത മകൻ കുറ്റം ഏറ്റെടുത്തതെന്നും പിതാവ് പറയുന്നു. മൂന്ന് ദിവസത്തോളം ഇരുവരെയും പൊലീസ് പീഡിപ്പിച്ചെന്നും നൗഷാദ് ആരോപിച്ചു.
പിന്നീട് അസ്ലമിനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. ജാമ്യം ലഭിക്കാതിരിക്കാൻ ഇടപെടലുണ്ടായെന്നും തുടർന്ന് ജുവനൈൽ ഹോമിലേക്ക് അയച്ച അസ്ലമിന് നാല് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചതെന്നും നൗഷാദ് ആരോപിച്ചു. അതേസമയം, മൂത്ത മകനെ കോടതി റിമാൻഡ് ചെയ്ത് സബ് ജയിലിലേക്ക് അയച്ചു.
ജാമ്യം ലഭിച്ചശേഷം സഹോദരനെ കാണാൻ സബ് ജയിലിലെത്തിയ അസ്ലം വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. സഹോദരന് പകരം താൻ ജയിലിൽ കഴിയേണ്ടിവന്നതിലുള്ള മാനസിക വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പിതാവ് വ്യക്തമാക്കി.
കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ സി.ഐ. ബൈജു, എസ്.ഐ. അതുൽ മോഹൻ, ജുവനൈൽ ജസ്റ്റിസ് ബോർഡ് എന്നിവർക്കെതിരെയും നൗഷാദ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ, അസ്ലമും സഹോദരൻ സഹലും കുറ്റം ചെയ്തതിന് തെളിവുകളുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ ഇന്നോവ കാർ പിടിച്ചെടുത്തതായും അന്യായമായി കസ്റ്റഡിയിൽ വെച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.



