കൊല്ലം: പെരുമ്പുഴയിൽ ബാർ ഹോട്ടൽ മാനേജരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. ഫൈസൽ, നിഹാൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ട്.
പെരുമ്പുഴയിലെ ഹരിശ്രീ റെസിഡൻസിയിലെ മാനേജരായ അൽത്താഫിനാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാത്രിയാണ് മുറി ആവശ്യപ്പെട്ട് എത്തിയ പ്രതികൾ മാനേജരെ ആക്രമിച്ചത്. മുൻവൈരാഗ്യത്തെ തുടർന്നുള്ള ആസൂത്രിത ആക്രമണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അറസ്റ്റിലായ ഫൈസലിനൊപ്പമുണ്ടായിരുന്ന ക്രിമിനൽ കേസ് പ്രതി കൊള്ളി നിയാസിനെയും മറ്റൊരു കേസിൽ പൊലീസ് പിടികൂടിയിട്ടുണ്ട്. ഹരിശ്രീ റെസിഡൻസിയിലെ ആക്രമണത്തിൽ നിയാസിനും പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമായിട്ടുണ്ട്. കേസിലെ മൂന്നാമത്തെ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.


