Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പേരിന് മാത്രം വെൻഡിങ് മെഷീനുകൾ, വൃത്തിഹീനമായ ശൗചാലയങ്ങൾ; സ്കൂളുകളിൽ ആർത്തവദിനങ്ങൾ ദുരിതപൂർണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: രാവിലെ എട്ട് മണിക്ക് ട്യൂഷൻ, അവിടെനിന്ന് നേരേ സ്‌കൂളിലേക്ക്, വൈകീട്ട് നാലുവരെ ക്ലാസുകൾ, തിരികെ വീട്ടിലെത്തുമ്പോൾ അഞ്ചുമണി. സ്‌കൂളിലും ട്യൂഷനും യാത്രയ്ക്കുമൊക്കെയായി നീണ്ട 10 മണിക്കൂർ. ആർത്തവദിനങ്ങളാണെങ്കിലോ കൃത്യമായ ഇടവേളകളിൽ നാപ്കിനുകൾ മാറ്റേണ്ടേ എങ്ങനെ? എവിടെ…?
മിക്ക വിദ്യാലയങ്ങളിലും ഉത്തരമില്ല. വൃത്തിയുള്ള ശൗചാലയമില്ലാത്തിടത്ത് നാപ്കിൻ വെൻഡിങ് മെഷീനുകളും ഇൻസിനറേറ്ററുകളും വേണമെന്ന് എങ്ങനെ ആവശ്യപ്പെടുമെന്ന് വിദ്യാർഥികൾ ചോദിക്കുന്നു.
ആർത്തവമെന്ന് ഉറക്കെ പറയാവുന്നിടത്തേക്കും ആർത്തവ അവധിവരേക്കും കേരളം എത്തിനിൽക്കുന്നുവെന്ന് അഭിമാനിക്കുമ്പോഴും നമ്മുടെ സ്‌കൂളുകൾ അത്രത്തോളമൊന്നും ‘ഗേൾസ് ഫ്രണ്ട്‌ലി’യല്ലെന്ന് പറയേണ്ടിവരും. ആർത്തവദിനങ്ങൾ കൈകാര്യംചെയ്യേണ്ടത് എങ്ങനെയെന്ന് അറിയാത്ത, ശാരീരിക-മാനസിക ബുദ്ധിമുട്ടുകളിൽപ്പെട്ടുപോകുന്ന കുഞ്ഞുങ്ങൾ ഏറെയാണ്. 15 ആയിരുന്ന ആർത്തവ പ്രായം 13-ലേക്കും 10-ലേക്കും എട്ടിലേക്കുംവരെ എത്തിനിൽക്കുന്നു. അതായത് എൽ.പി. ക്ലാസുകളിൽ പഠിക്കുന്ന കുഞ്ഞുങ്ങൾക്കും മുന്നറിയിപ്പില്ലാതെ ആർത്തവമെത്താം. എല്ലാവർക്കും എല്ലായ്‌പ്പോഴും ഒരുപോലെയായിരിക്കില്ല ആർത്തവം. 12 വയസ്സുമുതൽ താഴേക്കുള്ള കുട്ടികളിലെ ആർത്തവം കൃത്യമായ ഇടവേളകളിലായിരിക്കണമെന്നില്ല. ശൗചാലയമുറികൾ ഉപയോഗിക്കാൻ കഴിയാതെ, ഇടവേളകളിൽ നാപ്കിനുകൾ മാറ്റാനാകാതെ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന കുഞ്ഞുങ്ങളേറെയാണ്.
ആർത്തവശുചിത്വ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ആ ദിനങ്ങളിൽ മകളെ സ്‌കൂളിൽ വിടാറില്ലെന്നാണ് ജില്ലയിലെ പെൺകുട്ടികൾമാത്രം പഠിക്കുന്ന ഒരു സ്‌കൂളിലെ രക്ഷിതാവ് പറയുന്നത്.

കൃത്യമായ ഇടവേളകളിലല്ലാതെ ആർത്തവമെത്തുമ്പോൾ പലരുടെയും പക്കൽ നാപ്കിനുകൾ ഉണ്ടാകില്ല. പേരിനുമാത്രം സ്ഥാപിച്ച വെൻഡിങ് മെഷീനുകളുണ്ട് മിക്കസ്‌കൂളുകളിലും. ഉദ്ഘാടനം നടന്നപ്പോൾ മൂന്നോ നാലോ മാസം മാത്രം പ്രവർത്തിച്ചവ, മിക്കതും തുരമ്പെടുത്തിട്ടുണ്ടാകും. ചിലർ സ്റ്റാഫ് റൂമിലെത്തി അധ്യാപകരോട് ചോദിച്ചുവാങ്ങും. അധ്യാപികമാരുടെ നേതൃത്വത്തിൽ മൂന്നോ നാലോ പായ്ക്കറ്റ് പാഡുകൾ വാങ്ങി സ്റ്റാഫ് റൂമിൽ സൂക്ഷിക്കുന്ന സ്‌കൂളുകളുമുണ്ട്.

നാപ്കിനുകൾ കൈയിൽ കരുതിയാലും പ്രശ്‌നം തീരുന്നില്ലല്ലോ…, മാറിഉപയോഗിക്കാൻ ഒരു ശൗചാലയം വേണ്ടേ, ഉപയോഗിച്ചവ നശിപ്പിക്കാൻ ഒരു ഇൻസിനറേറ്റർ വേണ്ടേ? വെള്ളമെത്താത്ത, ദുർഗന്ധംവമിക്കുന്ന ശൗചാലയങ്ങളിൽനിന്നു നാപ്കിൻ മാറ്റാൻ കഴിയാത്തതിനാൽ മിക്കപ്പോഴും ഉച്ചയോടെ വീട്ടിലേക്ക് മടങ്ങാറുണ്ടെന്നാണ് ഒരു വിദ്യാർഥി പറയുന്നത്. വൃത്തിയുള്ള ശൗചാലയങ്ങളുള്ളിടത്തും ഇൻസിനറേറ്റർ ഇല്ലാത്ത പ്രശ്‌നമുണ്ട്. ഉപയോഗിച്ച പാഡുകൾ എവിടെക്കളയുമെന്ന ആശങ്കയിൽ പകൽമുഴുവൻ ഒരേ നാപ്കിൻതന്നെ ഉപയോഗിക്കേണ്ടിയുംവരും. ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിവയ്ക്കും.

സ്വകാര്യ സ്‌കൂളുകളും പിന്നിലല്ല

‘അത്യാധുനിക ടോയ്‌ലറ്റ് ബ്ലോക്കുകൾ…’ സ്വകാര്യ സ്‌കൂളുകളിൽ കുഞ്ഞിനെ ചേർക്കുന്നതിന് രക്ഷിതാക്കളുടെ മാനദണ്ഡമാണ്. അഡ്മിഷനെടുക്കാൻ എത്തുമ്പോൾ പുതുതായി നിർമിച്ച, ഏറ്റവും മികച്ച പത്തിലധികം ടോയ്‌ലറ്റ് ബ്ലോക്കുകൾ കാട്ടിത്തരുകയുംചെയ്യും. പഠനംതുടങ്ങുന്നതോടെ കഥയാകെ മാറും. ചില സ്‌കൂളുകളിൽ രണ്ടോ മൂന്നോ ശൗചാലയങ്ങൾ മാത്രമേ കുട്ടികൾക്ക് തുറന്നുനൽകൂ. നൂറിലധികം കുട്ടികൾക്ക് രണ്ട് ശൗചാലയം, ബ്രേക്ക് നൽകുന്ന 15 മിനിട്ടിൽ എത്രപേർക്ക് ഉപയോഗിക്കാനാകും. ചിലയിടങ്ങളിൽ വാതിലിന് ലോക്കില്ലാത്ത ശൗചാലയങ്ങളുണ്ട്. ഒരു വിദ്യാർഥി കയറിയാൽ പുറത്തുനിൽക്കുന്ന സുഹൃത്ത് വാതിൽതള്ളിപ്പിടിക്കണം. ബ്രേക്ക് ടൈമിൽ അല്ലാതെ, ശൗചാലയമുറികൾ ഉപയോഗിക്കാൻ ചില അധ്യാപകർ അനുവദിക്കില്ല. ഇതിന് കുട്ടികൾ കണ്ടെത്തിയ പരിഹാരമാണ് വെള്ളംകുടിക്കാതിരിക്കുകയെന്നത്.

രണ്ട് ശൗചാലയങ്ങൾമാത്രം അനുവദിച്ചാലും അതെങ്കിലും കൃത്യമായി വൃത്തിയാക്കി നൽകണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ഒരു രക്ഷിതാവ് പറയുന്നത് കലാ കായിക മേഖലയിൽ ഏറെ പേരെടുത്ത ഒരു സി.ബി.എസ്.ഇ. സ്‌കൂളിനെക്കുറിച്ചാണ്.

ആശ്രയം അധ്യാപകരുടെ ശൗചാലയം; –ഒരു സ്‌കൂൾ വിദ്യാർഥിനി

സ്‌കൂളിൽെവച്ചാണ് ആദ്യമായി ആർത്തവമുണ്ടായത്. അന്ന് സഹായിച്ചത് അധ്യാപകരാണ്. ആ അധ്യയനവർഷം ആർത്തവദിനങ്ങളിൽ സ്‌കൂളിൽ പോകാതിരുന്നു. എപ്പോഴും അത് സാധ്യമല്ലല്ലോ, സാധാരണ ദിവസങ്ങളിൽപ്പോലും ഞങ്ങൾ കൂട്ടുകാർ സ്‌കൂളിലെ ശൗചാലയം ഉപയോഗിക്കാറില്ല. മുന്നറിയിപ്പില്ലാതെ സ്‌കൂളിൽ വെച്ച് ആർത്തവമുണ്ടാകുമ്പോൾ അവരുടെ ശൗചാലയം ഉപയോഗിക്കാൻ ചിലഅധ്യാപികമാർ അനുമതി നൽകും. എല്ലാവരും ഇത് അനുവദിക്കില്ല. ക്ലാസ് ടീച്ചറൊക്കെ സുഹൃത്തിനെപ്പോലെ ആയതുകൊണ്ടു മാത്രമാണ് ഞങ്ങൾക്കിത് സാധിക്കുന്നത്. എല്ലാ ക്ലാസിലേയും കുട്ടികൾക്ക് ഇതിന് കഴിയില്ല. എപ്പോഴും അവരോട് ചോദിക്കാൻ ഞങ്ങൾക്കും ബുദ്ധിമുട്ടാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix