കൊച്ചി: കൂടത്തായി കൂട്ടക്കൊലപാതക കേസ് പ്രമേയമാക്കിയ ‘അണലി’ വെബ് സീരിസിന്റെ പ്രദർശനം വിലക്കി കോടതി. കേസിലെ പ്രതിയായ ജോളി ജോസഫ് നൽകിയ ഹർജിയിലാണ് എറണാകുളം മുൻസിഫ് കോടതിയുടെ ഉത്തരവ്.
വെബ് സീരിസിലെ പ്രധാന സ്ത്രീ കഥാപാത്രത്തിന് തന്നുമായി ഏറെ സാമ്യമുണ്ടെന്നും ഇത് വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ജോളി ജോസഫ് കോടതിയെ സമീപിച്ചത്. ഹർജിക്കാരിയെ തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ റിലീസ് ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീം ചെയ്യുന്നതും കോടതി വിലക്കി.
ഇതോടെ റിലീസിന് തയ്യാറായിരുന്ന വെബ് സീരിസിന്റെ തുടർനടപടികൾ അനിശ്ചിതത്വത്തിലായി. ജോളി ജോസഫ് സമർപ്പിച്ച ഹർജി സെപ്റ്റംബർ ഒൻപതിന് കോടതി വീണ്ടും പരിഗണിക്കും.
നിഖില വിമലാണ് സീരിസിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോളി ജോസഫിനോട് സാമ്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലിയോണ ലിഷോയ് ആണ്.
കൂടത്തായി കൊലക്കേസ് പ്രമേയമാക്കി നെറ്റ്ഫ്‌ളിക്സ് പുറത്തിറക്കിയ ‘കറി ആൻഡ് സയനൈഡ്’ ഡോക്യുമെന്ററിക്ക് നേരത്തെ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.












