കണ്ണൂർ: കൂത്തുപറമ്പിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാണാതായതായി പരാതി. പാറ സ്വദേശിയായ 15കാരൻ അദ്വൈതിനെയാണ് കാണാതായത്. ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞ് ഇന്നലെ രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് കുടുംബം പൊലീസിനെ അറിയിച്ചത്.
രാവിലെ ആറരയോടെയാണ് പാറയിലെ ട്യൂഷൻ സെന്ററിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് അദ്വൈത് വീട്ടിൽനിന്ന് ഇറങ്ങിയത്. സാധാരണ ട്യൂഷൻ കഴിഞ്ഞ് നേരെ സ്കൂളിലേക്കാണ് കുട്ടി പോകാറുള്ളത്. എന്നാൽ അദ്വൈത് ട്യൂഷൻ സെന്ററിൽ എത്തിയില്ലെന്ന് അധ്യാപകർ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ അന്വേഷണം നടത്തുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
സ്കൂൾ യൂണിഫോം ധരിച്ചാണ് കുട്ടി വീട്ടിൽനിന്ന് പുറപ്പെട്ടത്. എന്നാൽ തലശേരി റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ അദ്വൈത് സാധാരണ വസ്ത്രത്തിലാണ് കാണപ്പെട്ടത്. കുട്ടി റെയിൽവേ സ്റ്റേഷനിൽ എത്തിയതായി സ്ഥിരീകരിച്ചെങ്കിലും തുടർന്ന് എങ്ങോട്ടാണ് പോയതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടില്ല.
അദ്വൈതിനെ കണ്ടെത്തുന്നതിനായി പൊലീസ് വ്യാപകമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലെയും പരിസരങ്ങളിലെയും കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.












