“ഞാൻ എന്റെ സർവ്വസ്വവും നൽകിക്കഴിഞ്ഞു, ഇനി നൽകാൻ എന്റേതായി ഒന്നുമില്ല.” അർജന്റീനയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനും ലോക ഫുട്ബോളിലെ ഇതിഹാസവുമായ ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് എന്നന്നേക്കുമായി പടിയിറങ്ങുകയാണ്. എന്നന്നേക്കും എന്നുറപ്പിച്ച് പറയാം ഇത്തവണ, കാരണം അയാൾക്കിനി നേടാനായിട്ട് ബാക്കിയൊന്നുമില്ല.
കൃത്യം പത്ത് വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിൽ നിന്ന് കോപ്പയിലെ കലാശക്കളിയും കഴിഞ്ഞ് തിരിഞ്ഞുനടക്കുമ്പോൾ അന്ന് ഇതേ വാക്കുകൾ ലോകം കേട്ടതാണ്. എല്ലാം നഷ്ടപ്പെട്ടവനായി തോറ്റവന്റെ പാപഭാരവും പേറി തിരിച്ചുനടക്കുന്നതിനിടയിൽ ലോകത്തോട് ഒരു പ്രഖ്യാപനം കൂടി അന്ന് മെസ്സി നടത്തിയിരുന്നു. രാജ്യത്തിനായി ഇനി ഒന്നും ചെയ്യാനില്ല. തന്നെ പരിഗണിക്കേണ്ടതില്ല. മെറ്റ്‌ലൈഫിൽ അതുവരെ തലയുയർത്തി നിന്ന ലാറ്റിനമേരിക്കയുടെ രാജകുമാരൻമാർ അന്ന് അപ്രസക്തമായി. ലോകം മെസ്സിയുടെ വാക്കുകൾ മാത്രം കേട്ടു. രാജ്യത്തിനായി ഇനിയൊന്നും മെസ്സിക്ക് നേടാൻ കഴിയില്ലെന്ന വിമർശനം. നിലയ്ക്കാത്ത പരിഹാസം.
കരിയറിൽ വ്യക്തിഗത നേട്ടങ്ങളുടേയും ക്ലബ്ബ് ട്രോഫികളുടേയും തിളക്കത്തിൽ ഏറ്റവും മികച്ചവനെന്ന് വാഴ്ത്ത്‌പ്പെടുമ്പോഴും രാജ്യത്തിനായി ഒരു കിരീടം പോലും ഇല്ലെന്ന യാഥാർഥ്യം. അതേ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ 2026 ലോകകപ്പ് കലാശപ്പോരിനെത്തുമ്പോൾ കഥ ഒരുപാട് മാറി. കാലവും. ലോകകപ്പും കോപ്പയും നേടി അയാളുടെ കരിയറിന് പൂർണത കൈവന്നിരുന്നു. ലോകത്തിന്റെ പരമാവധിയിൽ നിന്ന് ഇപ്പോഴിതാ ഒരിക്കൽ കൂടി മെസ്സി തീർത്തു പറഞ്ഞു. ഇനി അർജന്റീനയുടെ നീലക്കുപ്പായത്തിലില്ല… ലോകം മെസ്സിയോട് തിരികെ പറയുന്നു നന്ദി മെസ്സി, ആ കളിക്കാലത്തിന്…
കുട്ടി പ്രായത്തിൽ സ്പെയിനിലേക്ക് ഫുട്ബോൾ പഠിക്കാനായി വിമാനം കയറുമ്പോൾ തന്റെ അന്താരാഷ്ട്ര കരിയർ ഏത് രാജ്യത്തായിരിക്കണം എന്ന ചോദ്യം റൊസാരിയോയിലെ ആ കൊച്ചു കുട്ടിക്ക് മുന്നിലുണ്ടായിരുന്നു. സ്പെയിൻ തങ്ങളുടെ സുവർണ കാലത്തേക്കുള്ള യാത്രയുടെ തുടക്കത്തിലുമായിരുന്നു. മെസിയെ സ്പെയിൻ ടീമിലേക്ക് എത്തിക്കാനുള്ള ശ്രമം അവർ തുടങ്ങുകയും ചെയ്തു. എന്നാൽ ഈ വിവരം അർജന്റീനയിൽ എത്തിയതോടെ അർജന്റീന ഫുട്ബോൾ അസോസിയേഷനും സമ്മർദ്ദം ചെലുത്തി. ഒടുവിൽ മെസി ആ കാര്യം തീരുമാനിച്ചു- താൻ അർജന്റീനയ്ക്ക് വേണ്ടിയാകും കളിക്കുക.
ആ റൊസാരിയോക്കാരൻ പയ്യൻ നീലയും വെള്ളയും നിറത്തിലുള്ള കുപ്പായമണിയാൻ തുടങ്ങിയതോടെയാണ് വർഷങ്ങളോളം പ്രതീക്ഷയറ്റ് കിടന്നിരുന്ന അർജന്റൈൻ സ്വപ്നങ്ങൾക്ക് വീണ്ടും ജീവൻ വെക്കുന്നത്. സ്‌പെയിനിലെ കളിത്തട്ടിൽ അപ്പോഴേക്കും മെസ്സി പയറ്റിത്തെളിഞ്ഞിരുന്നു. തട്ടകമായ ക്യാമ്പ്‌നൗവിലും സാന്റിയാഗോ ബെർണബ്യൂവിലും നിറഞ്ഞാടിയ പയ്യനിൽ അർജന്റീനക്കാർ പ്രത്യാശയുടെ കിരണങ്ങൾ കണ്ടു. തന്റെ സീനിയർ ടീം അരങ്ങേറ്റത്തിനു ഒരു മാസം മുൻപ് നെതർലൻഡ്സിൽ വച്ച് നടന്ന 2005ലെ ഫിഫ അണ്ടർ 20 ലോകകപ്പ് നേടിയ അർജന്റീന ടീമിൽ മെസി നിർണായക സാന്നിധ്യമായി. 2005 ഓഗസ്റ്റസിൽ ഹംഗറിക്കെതിരായ മത്സരത്തിൽ പകരക്കാരനായാണ് മെസി സീനിയർ കരിയറിന് തുടക്കമിടുന്നത്. ഹോസെ പെക്കർമാൻ 2006ലെ ജർമനി ലോകകപ്പിനുള്ള അർജന്റീന ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി. ഇതിഹാസത്തിന്റെ മിന്നലാട്ടങ്ങൾ ലോകം കണ്ടു.
2008ലെ ബെയ്ജിങ് ഒളിംപിക്സിൽ തന്റെ ടീമിനു സ്വർണ മെഡൽ സമ്മാനിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ബാലൺ ഡി ഓർ വേദിയിലും തരംഗമായതോടെ മങ്ങലേറ്റ അർജന്റൈൻ സ്വപ്‌നങ്ങൾക്ക് ചിറകുമുളച്ചു. 2010 ലോകകപ്പിൽ ഒരു മെസി-മറഡോണ കൂട്ടുകെട്ട്. പക്ഷേ പകുതിയിൽ സ്വപ്നങ്ങൾ പൊലിഞ്ഞു.
നാല് വർഷങ്ങൾക്കിപ്പുറം 2014-ൽ ലോകകപ്പിനെത്തുമ്പോഴേക്കും മെസ്സി അവരുടെ മിശിഹയായി മാറിയിരുന്നു. രാജ്യത്തിന്റെ പ്രതീക്ഷകളത്രയും മെസ്സിയുടെ ചുമലിലായിരുന്നു. കരിയറിലെ തന്നെ മികച്ച ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന മെസ്സി ലോകകപ്പിലും ആ പ്രകടനം തുടർന്നു. പക്ഷേ ഫൈനലിൽ മാരിയോ ഗോട്സേയ്ക്ക് മുന്നിൽ അയാൾക്ക് തലകുനിക്കേണ്ടി വന്നു.
കോപ്പ അമേരിക്കയുടെ കലാശപ്പോരിൽ തുടർച്ചയായി രണ്ടുതവണ പരാജയപ്പെട്ടിട്ടാണ് മെസ്സിപ്പട വീണ്ടും വിശ്വം കീഴടക്കാനെത്തിയത്. 2015-ലും 2016-ലും കാലിടറി. ഇനി രാജ്യത്തിനായി കളിക്കാനില്ലെന്ന് പറഞ്ഞ് തിരിഞ്ഞുനടന്നതുമാണ്. മെസ്സിയുടെ ജീവചരിത്രകാരനും സ്പാനിഷ് ഫുട്ബോൾ വിദഗ്ദ്ധനുമായ ഗിലെം ബലാഗ് പറയുന്നതനുസരിച്ച്, തോൽവികളിൽ വല്ലാതെ തളർന്നുപോകുന്ന പ്രകൃതമാണ് മെസ്സിയുടേത്. അന്ന് അത് ലോകം കണ്ടു.
പക്ഷേ അങ്ങനെ അയാൾക്ക് ഒന്നും അവസാനിപ്പിക്കാൻ കഴിയുമായിരുന്നില്ല. അല്ലെങ്കിൽ കാലം അയാൾക്ക് വേണ്ടി കാത്തുവെച്ചതെല്ലാം അതിന് ശേഷമായിരുന്നു. കൂട്ടത്തോൽവികളാൽ പതറി നിന്ന രാജ്യത്തിനായി അയാൾ തിരിച്ചുവന്നു. എങ്കിലും അർജന്റീനയ്ക്ക് വീണ്ടും പിഴച്ചു. 2018 ലോകകപ്പിൽ പ്രീക്വാർട്ടറിൽ തോറ്റ് പുറത്തേക്ക്. വ്യക്തിഗതനേട്ടങ്ങളും ക്ലബ്ബിനായുള്ള കിരീടക്കണക്കുകളും കൊണ്ട് സമ്പന്നനായ മെസ്സിക്ക് അർജന്റീനയ്ക്കായി ഒരു കിരീടം നേടി ആ കരിയർ അവസാനിപ്പിക്കാൻ സാധിക്കുമോ എന്ന ചോദ്യം ഉയരാൻ തുടങ്ങി.
2021-കോപ്പ അമേരിക്ക മെസ്സിക്ക് അവസാനത്തെ അവസരമായിരുന്നു. പുത്തൻ താരങ്ങളെ വാർത്തെടുത്ത് ടീമിനെയൊരുക്കിയ പരിശീലകൻ സ്‌കലോണി ആരാധകർക്ക് പ്രതീക്ഷ നൽകി. അതായിരുന്നു തുടക്കം. ടൂർണമെന്റിൽ മെസി 4 ഗോളുകൾ നേടുകയും 5 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു, ഒപ്പം കിരീടവും. 2022ലെ ലോകകപ്പാണ് മെസിയും അർജന്റീനയും തമ്മിലുള്ള പ്രണയത്തിന്റെ മൂർധന്യാവസ്ഥ കണ്ടത്. സൗദി അറേബ്യയോട് ആദ്യ മത്സരത്തിൽ തോറ്റാണ് അന്ന് അർജന്റീന തുടങ്ങിയത്. എന്നാൽ പിന്നീട് കഥ മാറി. മെസി മുന്നിൽ നിന്നു നയിച്ചതോടെ തുടർ ജയങ്ങൾ അവരെ തേടി വന്നു. നോക്കൗട്ട് ഘട്ടമാകുമ്പോഴേക്കും അർജന്റീനയുടെ കുതിപ്പിന്റെ നിയന്ത്രണം മുഴുവൻ മെസി ഏറ്റെടുത്തു. ഫ്രാൻസുമായുള്ള കലാശപ്പോരാട്ടം ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പ് ഫൈനലുകളിൽ ഒന്നായി മാറി. ഒടുവിൽ അത് സംഭവിക്കുക തന്നെ ചെയ്തു. മിശിഹ ആ വിശ്വകിരീടത്തിൽ മുത്തമിട്ടു.
പിന്നാലെ യൂറോ ചാംപ്യൻമാരായ ഇറ്റലിയെ വീഴ്ത്തി ഫൈനലിസിമ, അതിനു പിന്നാലെ 2024ലെ കോപ്പ അമേരിക്ക കിരീടം. തുടരെ 4 അന്താരാഷ്ട്ര കിരീടങ്ങൾ!
എല്ലാ കഥകൾക്കും ഒരു അവസാനമുണ്ട്. മെസിയെ സംബന്ധിച്ചെടുത്തോളം 2026ലെ ലോകകപ്പും അതുപോലെയാണ്. ഖത്തറിൽ വച്ച് ലോകകപ്പ് ഉയർത്തിയ ശേഷം അദ്ദേഹം വിരമിക്കുമെന്നു കണക്കുകൂട്ടിയവർ ഉണ്ടാകും. എന്നാൽ ഒരിക്കൽ കൂടി ലോക കിരീടം ഉയർത്താൻ അദ്ദേഹം ആഗ്രഹിച്ചു. ഫൈനൽ വരെ അജയ്യരായി വരവ്. പക്ഷേ അവിടെ കഥ മറ്റൊന്നായിരുന്നു, അല്ലെങ്കിൽ മറ്റൊരു യുഗത്തിന്റെ തുടക്കമായിരുന്നു. ഫൈനലിൽ പക്ഷേ കാലിടറിയെങ്കിലും അർജന്റീനയെ മൂന്ന് ലോകകപ്പ് ഫൈനലുകളെത്തിച്ച നായകനെന്ന ചരിത്രനേട്ടത്തോടെയാണ് മെസ്സി മടങ്ങിയത്.
‘ഈ ആകാശ നീലയും വെള്ളയും കലർന്ന ജേഴ്സിക്കു വേണ്ടി പൊരുതി, പരമാവധി നൽകി. ഫുട്ബോളിലൂടെ നിങ്ങൾക്ക് സന്തോഷം തരാനും ഒരു അർജന്റീനക്കാരനായതിൽ അഭിമാനബോധം ഉണ്ടാക്കാനും എനിക്കു കഴിഞ്ഞു. അധികം സമയമില്ല എന്ന് എനിക്കറിയാമായിരുന്നു. ഒരോ അധ്യായങ്ങളും അവസാനിക്കും, ആ അവസാനം ഇതാണ്- അയാൾ കഴിഞ്ഞ ദിവസം ഇങ്ങനെ കുറിച്ചതോടെ കാൽപന്തിലെ ഒരു യുഗം ഇവിടെ അവസാനിക്കുകയാണ്.
പിതാവ് ഹോർഗെയുടെ മരണത്തിന് പിന്നാലെയുണ്ടായ ഈ വിരമിക്കൽ തീരുമാനം അന്തിമമാണെന്ന് തന്നെയാണ് കരുതുന്നത്. ഒരുപക്ഷേ ഇതിഹാസത്തിനായി AFA ഒരു ഗംഭീര വിടവാങ്ങൾ ഒരുക്കിയേക്കാം. അത് സംഭവിച്ചാലും ഇല്ലെങ്കിലും ലോകം ആ മനുഷ്യനോട് പറയുകയാണ്- വാമോസ് മിശിഹാ…..




