തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കെഎസ്‌യു പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം.
വീണാ ജോർജിനെ മാരകായുധം ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചെന്നായിരുന്നു ആദ്യം പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. 13 വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും അന്വേഷണത്തിന്റെ ഭാഗമായി പിന്നീട് വധശ്രമക്കുറ്റം ഉൾപ്പെടെയുള്ള ചില വകുപ്പുകൾ ഒഴിവാക്കുകയായിരുന്നു.
കേസ് കെട്ടിച്ചമച്ചതാണെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ എംഎൽഎ ടി.ഒ. മോഹനൻ ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ എസ്‌ഐടി രൂപീകരിച്ചിരിക്കുന്നത്.
ഈ വർഷം ഫെബ്രുവരി 25ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പേരെയാണ് കേസിൽ പ്രതികളാക്കിയത്.
മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്നായിരുന്നു ആദ്യഘട്ടത്തിൽ പൊലീസ് രേഖപ്പെടുത്തിയ മൊഴി. എന്നാൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ മാരകായുധങ്ങൾ ഉപയോഗിച്ചതായി കണ്ടെത്താനായില്ല. ഇതോടെയാണ് വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ പിന്നീട് ഒഴിവാക്കിയത്.
അന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വാദപ്രതിവാദങ്ങൾക്കും രാഷ്ട്രീയ വിവാദങ്ങൾക്കും ഇടയാക്കിയ കേസിലാണ് ഇപ്പോൾ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്.
മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇൻഡിഗോ വിമാനത്തിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലും നേരത്തെ തുടരന്വേഷണത്തിനായി എസ്‌ഐടി രൂപീകരിച്ചിരുന്നു. ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ കേസിലും സമാനമായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.












