കണ്ണൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾക്ക് സമഗ്ര പരിഹാരം കാണാൻ ‘മേജർ ശസ്ത്രക്രിയ’ ആവശ്യമാണെന്ന് മന്ത്രി കെ. മുരളീധരൻ. സർക്കാർ ഏറ്റെടുത്തതിന് ശേഷമുണ്ടായ പ്രശ്‌നങ്ങൾ പഠിക്കുന്നതിനായി വിദഗ്ധരെ ഉൾപ്പെടുത്തി ഉന്നതതല സമിതിയെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സന്ദർശിച്ച ശേഷം വിവിധ വകുപ്പ് മേധാവികൾ, ജീവനക്കാരുടെ പ്രതിനിധികൾ, വിദ്യാർഥി പ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയിൽനിന്ന് ആരോഗ്യവകുപ്പിലേക്ക് മെഡിക്കൽ കോളേജ് മാറ്റിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അടിയന്തരമായി പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. മെഡിക്കൽ കോളേജിന് ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കും. ആരോഗ്യവകുപ്പിലെ നിലവിലെ സ്റ്റാഫ് പാറ്റേൺ കാലാനുസൃതമല്ലെന്നും ഇത് പുതുക്കുമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരുടെ റീ-ഓപ്ഷൻ പരിഗണിക്കുമെന്നും വിരമിച്ച ജീവനക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡെന്റൽ കോളേജ്, നഴ്‌സിങ് കോളേജ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രിൻസിപ്പൽമാരെ നിയമിക്കും. ചികിത്സയ്ക്കെത്തുന്നവർക്ക് സൗജന്യ മരുന്ന് ലഭ്യമാക്കുന്നതിൽ തടസ്സമുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. ശുചീകരണ തൊഴിലാളികളെ പിരിച്ചുവിടുമെന്ന ആശങ്ക വേണ്ടെന്നും മികച്ച രീതിയിൽ ജോലി ചെയ്യുന്ന ആരെയും പിരിച്ചുവിടില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
വിദ്യാർഥികൾക്കായി പുതിയ ഹോസ്റ്റൽ സൗകര്യം ഒരുക്കും. മെഡിക്കൽ കോളേജിലെ കുടിവെള്ള ക്ഷാമത്തിനും പരിഹാരം കാണും. വികസന പ്രവർത്തനങ്ങൾക്കായി എം.പി., എം.എൽ.എ. ഫണ്ടുകൾക്കൊപ്പം സി.എസ്.ആർ. ഫണ്ടുകളും പ്രയോജനപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു.
യോഗത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ.ടി. മാധവൻ, ഡി.എം.ഇ. ഡോ. കെ.വി. വിശ്വനാഥൻ, പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, വൈസ് പ്രിൻസിപ്പൽ ഡോ. ഷീബാ ദാമോദർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പ്രവീൺ കുമാർ, ആർ.എം.ഒ. ഡോ. ജ്യോതി ദാമോദർ തുടങ്ങിയവർ പങ്കെടുത്തു.
ആരോഗ്യ മേഖലയെ ‘കരിവണ്ടി’ യുഗത്തിൽനിന്ന് ‘വന്ദേഭാരത്’ കാലത്തേക്ക് മാറ്റും
ആരോഗ്യമേഖലയെ ‘കരിവണ്ടി’ യുഗത്തിൽനിന്ന് ‘വന്ദേഭാരത്’ കാലത്തേക്ക് മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. പിലാത്തറ ഹെൽത്ത് ഓറിയന്റഡ് പ്രോജക്ട് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് (ഹോപ്പ്) 22-ാം വാർഷികവും സ്ഥാപകദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആരോഗ്യമേഖലയിൽ നിരവധി പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഇവയ്ക്ക് ഘട്ടംഘട്ടമായി സമഗ്രമായ മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷി പുനരധിവാസ മേഖലയിൽ സർക്കാർ സഹായത്തിനൊപ്പം ജനങ്ങളുടെ പൂർണ സഹകരണവും അനിവാര്യമാണ്.
സർക്കാർ മാനസികാരോഗ്യ ആശുപത്രികളിൽനിന്ന് ചികിത്സയിലൂടെ രോഗമുക്തരായവരെ ഏറ്റെടുക്കാൻ പോലും സമൂഹത്തിലെ പലരും മടി കാണിക്കുന്ന സാഹചര്യമുണ്ട്. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരിൽ മാറ്റം വരുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.











