കോട്ടയം: ചന്തക്കവലയിൽ അമിതവേഗത്തിലെത്തിയ സ്വകാര്യബസ് യാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 18കാരി മരിച്ചു. നട്ടാശേരി ഗാന്ധിസ്മാരക കേന്ദ്രത്തിന് സമീപം ഇഞ്ചേരിക്കുന്ന് പാറയിൽ അജയന്റെ മകൾ അഞ്ജലിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഞ്ജലി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് കോട്ടയം ചന്തക്കവലയിൽ അപകടമുണ്ടായത്. കോട്ടയം–ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന ‘തണ്ടപ്ര’ സ്വകാര്യബസാണ് അപകടമുണ്ടാക്കിയത്. നാഗമ്പടം ഭാഗത്തുനിന്ന് ചന്തക്കവലയിലേക്ക് വരികയായിരുന്ന ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ റോഡരികിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഫുട്പാത്തിലെ ഗ്രില്ലുകളും വൈദ്യുതിത്തൂണും തകർത്ത ബസ് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി.
അപകടത്തിൽ അഞ്ജലി ഉൾപ്പെടെ അഞ്ച് സ്ത്രീകൾക്ക് പരിക്കേറ്റിരുന്നു. ഇത്തിത്താനം സുഭാഷ് ഭവനിൽ ശ്രീകുമാരി (54), മറിയപ്പള്ളി മുട്ടം ഉള്ളാട്ട് വീട്ടിൽ ജയ (51), കൊല്ലാട് കലേഷ് ഭവനിൽ അനുമോൾ സുരേഷ് (48), ചങ്ങനാശേരി മലകുന്നം ആനക്കുഴി വീട്ടിൽ എ.കെ. സുനി (46) എന്നിവർക്കാണ് പരിക്കേറ്റത്.
അപകടത്തെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബസ് ഡ്രൈവർ കുറിച്ചി സ്വദേശി അതുൽ ബിജുവിനെയും കണ്ടക്ടർ മലകുന്നം സ്വദേശി ഷാലുവിനെയും വെസ്റ്റ് എസ്.ഐ. വി.എസ്. ഗിരീഷിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു.




