കോട്ടയം: കെഎസ്ആർടിസിയിൽ എത്തുന്നവർ ദയവായി മാറി നടക്കുക, അല്ലെങ്കിൽ ഇൻഷുറൻസ് പോളിസി ഉണ്ടെങ്കിൽ അതും നന്ന്’. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ മൂന്നു നില കെട്ടിടത്തിന്റെ ജനലുകൾ തൂങ്ങിനിൽക്കുന്നു. സിമന്റ് പാളികൾ അടർന്നുവീഴുന്നു. കെഎസ്ആർടിസി ജില്ലാ ഓഫിസ് പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിന്റെ അവസ്ഥ ഇതാണ്.
മുകളിലത്തെ നിലകളിൽ ഓഫിസും താഴത്തെ നിലയിൽ കന്റീനുമാണ്.1970 കാലഘട്ടത്തിൽ പണിത കെട്ടിടമാണ്. സ്റ്റാൻഡ് പൊളിച്ചുപണിതപ്പോൾ മുകളിലത്തെ നിലയിൽ ഓഫിസിനുള്ള സൗകര്യം ഉണ്ടാക്കുമെന്നും അപകടാവസ്ഥയിലുള്ള ബഹുനിലക്കെട്ടിടം പൊളിച്ചുനീക്കുമെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞെങ്കിലും നടന്നില്ല. കെട്ടിടത്തിന്റെ തൂണുകളുടെ അടിഭാഗത്തും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. ദിവസങ്ങൾക്കു മുൻപ് കെട്ടിടത്തിന്റെ ഷേഡിനടിയിലെ ചെറിയ കഷണം കോൺക്രീറ്റ് അടർന്നുവീണ് സ്റ്റാൻഡിലെ ടാക്സി ഡ്രൈവർക്ക് പരുക്കേറ്റിരുന്നു.
കോട്ടയം ടിബി റോഡിലെ നടപ്പാതയുടെ വശത്തുള്ള ശുചിമുറി കെട്ടിടം, മുഖ്യ കെട്ടിടത്തിൽ നിന്നുള്ള ബന്ധം വിട്ട് നിലംപതിക്കുമെന്ന അവസ്ഥയിലാണ്. അടിഭാഗം അടർന്നിടത്ത് സിമന്റ് കുഴച്ചിട്ടിട്ടുണ്ട്. മുഖ്യ കെട്ടിടത്തിൽനിന്നു ശുചിമുറിയുടെ ഭിത്തി വേർപെട്ട വിടവിൽ തടിപ്പട്ടിക രണ്ടു ഭിത്തികളിലുമായി അടിച്ചിട്ടുണ്ട്. ശുചിമുറിയുടെ സെപ്റ്റിക് ടാങ്കും നിറഞ്ഞ് പ്രദേശമാകെ വലിയ ദുർഗന്ധമാണ്.










