കോഴിക്കോട്: മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്കു നേരെ ക്രൂര മർദ്ദനം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ആക്രമണം നടത്തിയത്. പരീക്ഷ കഴിഞ്ഞ് സ്കൂളിൽ നിന്ന് പുറത്തേക്ക് വന്ന വിദ്യാർത്ഥിയെ ഏകദേശം 15 പേർ ചേർന്ന് പിടിച്ചു കൊണ്ടുപോകുകയും സ്കൂളിന് സമീപമുള്ള വിവിധ സ്ഥലങ്ങളിൽ വെച്ച് കുട്ടിയെ മർദ്ദിച്ചുവെന്നുമാണ് പരാതി. കുട്ടിയെ സ്കൂൾ ബസിൽ കയറി വീട്ടിലേക്ക് പോകാനും ഇവർ അനുവദിച്ചില്ല.
മൂക്കിൽ നിന്ന് രക്തം വന്ന നിലയിൽ വീട്ടിലെത്തിപ്പോഴാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുടി വെട്ടിയതും പുതിയ ചെരിപ്പിട്ടതും ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദ്ദിച്ചതെന്നാണ് വിവരം. പരിക്കേറ്റ വിദ്യാർത്ഥിയെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കൂടുതൽ ചികിത്സയ്ക്കായി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.






