കോഴിക്കോട്: ജിംനേഷ്യത്തിൽ നിന്ന് എം.ഡി.എം.എയും കഞ്ചാവും പണവും പിടികൂടിയ കേസിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ തമ്പി റോഡ് സ്വദേശി യാസർ അറാഫത്ത് (28) ആണ് പിടിയിലായത്. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ എം. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും പന്നിയങ്കര പോലീസും ചേർന്നാണ് ഇയാളെ ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്.
കഴിഞ്ഞ ജൂലൈ 18നാണ് പയ്യാനക്കൽ കപ്പക്കൽ റോഡിലെ ബാക്ക് ടു ഫിറ്റ് ജിംനേഷ്യത്തിൽ പോലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ ജിം നടത്തിപ്പുകാരായ മൂന്ന് പേരിൽ നിന്ന് 228.31 ഗ്രാം എംഡിഎംഎയും 37.320 ഗ്രാം കഞ്ചാവും ലഹരിവസ്തുക്കൾ വിറ്റ് ലഭിച്ച 41,830 രൂപയും പിടിച്ചെടുത്തു.
കേസിൽ അറസ്റ്റിലായ ജംഷീദ് (40), ലിജാസ് എം.കെ (36), അർഷാദ് (32) എന്നിവർ നിലവിൽ റിമാൻഡിലാണ്. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഹരിവസ്തുക്കൾ എത്തിച്ചുനൽകിയിരുന്നത് യാസർ അറാഫത്താണെന്ന് പോലീസിന് വിവരം ലഭിച്ചു.
തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതി ബെംഗളൂരുവിലുണ്ടെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അവിടെയെത്തിയ അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.



