കോഴിക്കോട്: ജപ്തി നടപടിക്കിടെ വീട്ടമ്മ കവിത ആത്മഹത്യ ചെയ്ത സംഭവത്തിൽ നടുവണ്ണൂർ എസ്ബിഐ ബാങ്കിന് മുന്നിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. ഗതാഗതം തടസ്സപ്പെടുത്തിയതിനും ബാങ്കിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചതിനുമാണ് ബാലുശ്ശേരി പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത്.
ഗതാഗതം തടസ്സപ്പെടുത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന 10 പേരടക്കം 200 ഓളം പേർക്കെതിരെയാണ് കേസ്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തകർത്ത് ബാങ്കിനുള്ളിലേക്ക് കയറാൻ ശ്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന ആറ് പേരടക്കം 200 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കടം എഴുതിത്തള്ളുക, കുടുംബത്തിന് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഇന്നലെ രാവിലെ 10.30ന് ആരംഭിച്ച സമരം നാല് മണിക്കൂറോളം നീണ്ടു. കവിതയുടെ മൃതദേഹവുമായാണ് ജനകീയ പ്രതിഷേധം നടന്നത്. പേരാമ്പ്ര-കോഴിക്കോട് റോഡും പ്രതിഷേധക്കാർ ഉപരോധിച്ചു.
അതേസമയം, വീട്ടമ്മയുടെ ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് ആർബിഐ ഓംബുഡ്സ്മാനും ബാങ്ക് നോഡൽ ഓഫീസർക്കും പരാതി ലഭിച്ചു. ബാങ്ക് ആർബിഐയുടെ ചട്ടങ്ങളും മാർഗനിർദേശങ്ങളും ലംഘിച്ചെന്നാണ് പരാതിയിലെ ആരോപണം.
ബാങ്ക് ഉദ്യോഗസ്ഥർ നിരന്തരം ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായും കടുത്ത മാനസിക പീഡനമാണ് കവിതയുടെ മരണത്തിന് കാരണമായതെന്നും പരാതിയിൽ പറയുന്നു. ജപ്തി നടപടികളിൽ ആർബിഐയുടെ മാർഗനിർദേശങ്ങൾ പാലിച്ചില്ലെന്നും ആരോപണമുണ്ട്.
ബാങ്ക് ഉദ്യോഗസ്ഥർക്കും ശാഖയ്ക്കുമെതിരെ നടപടിയെടുക്കണമെന്നും കവിതയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയിലാണ് പരാതി നൽകിയത്. അതേസമയം, പ്രതിഷേധത്തിൽ ജില്ലയ്ക്ക് പുറത്തുനിന്നും ആളുകൾ പങ്കെടുത്തിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.


