തിരുവനന്തപുരം: പയ്യന്നൂരിൽ നടക്കുന്ന സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന് വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയെ ഒഴിവാക്കിയ നടപടി തിരുത്തി സംഘാടകർ. സഹകരണ വകുപ്പിന്റെ ഇടപെടലിനെത്തുടർന്ന് കുഞ്ഞികൃഷ്ണൻ തന്നെ പരിപാടി ഉദ്ഘാടനം ചെയ്യും. ഇതനുസരിച്ച് അദ്ദേഹത്തെ ഉദ്ഘാടകനാക്കി പുതിയ പോസ്റ്ററും തയ്യാറാക്കി. 18ന് കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് പയ്യന്നൂർ സർക്കിൾ സഹകരണ യൂണിയന്റെ വാരാഘോഷ ഉദ്ഘാടനച്ചടങ്ങ് നടക്കുന്നത്.
നേരത്തെ നഗരസഭാ ചെയർമാൻ സരിൻ ശശിയെയായിരുന്നു ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. സഹകരണ ജോയിന്റ് രജിസ്ട്രാർ പി.ജെ. ജോയിച്ചനെ മുഖ്യാതിഥിയായും തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി, സഹകരണ മന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി പോസ്റ്ററും പുറത്തിറക്കി. എന്നാൽ പ്രാദേശിക എം.എൽ.എയായ വി. കുഞ്ഞികൃഷ്ണന്റെ പേരോ ചിത്രമോ പോസ്റ്ററിൽ ഉൾപ്പെടുത്തിയിരുന്നില്ല.
കുഞ്ഞികൃഷ്ണനെ പരിപാടിയിൽനിന്ന് ഒഴിവാക്കിയത് വിവാദമായതോടെയാണ് സഹകരണ വകുപ്പ് ഇടപെട്ടത്. എം.എൽ.എയെയോ എം.പിയെയോ പരിപാടിയിൽ പങ്കെടുപ്പിക്കണമെന്ന് നിർദേശിച്ച് സഹകരണ വകുപ്പ് അഡീഷണൽ രജിസ്ട്രാർ ഉത്തരവിറക്കി. സി.പി.ഐ.എം നിർദേശപ്രകാരമാണ് കുഞ്ഞികൃഷ്ണനെ ഒഴിവാക്കിയതെന്നായിരുന്നു ആരോപണം.
സാധാരണയായി ഔദ്യോഗിക പരിപാടികളിൽ അതത് മണ്ഡലങ്ങളിലെ എം.എൽ.എമാരെയാണ് ഉദ്ഘാടകരായി പരിഗണിക്കാറുള്ളത്. എം.എൽ.എയ്ക്ക് അസൗകര്യമുണ്ടെങ്കിൽ മാത്രമാണ് മറ്റുള്ളവരെ പരിഗണിക്കുന്നത്. എന്നാൽ കുഞ്ഞികൃഷ്ണന് അസൗകര്യമില്ലാതിരുന്നിട്ടും പരിപാടിയിൽനിന്ന് ഒഴിവാക്കിയതാണ് വിവാദത്തിന് കാരണമായത്. തുടർന്ന് സഹകരണ വകുപ്പിന്റെ നിർദേശപ്രകാരം തീരുമാനം തിരുത്തുകയായിരുന്നു.


