കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്ല്യോട്ടെ ശരത്ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ. കോടതി വെറുതെവിട്ട പ്രതിയെ ഹൈക്കോടതി നിർദേശപ്രകാരം അറസ്റ്റ് ചെയ്തു. പുല്ലൂർ-പെരിയ ഗ്രാമപ്പഞ്ചായത്തിലെ തന്നിത്തോട് സ്വദേശിയായ മുരളി തന്നിത്തോടിനെയാണ് ബേക്കൽ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. ഇരകളുടെ കുടുംബം നൽകിയ അപ്പീലിൽ ഹൈക്കോടതി നോട്ടീസ് അയച്ചിട്ടും കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് നടപടി.
സി.ബി.ഐ. കുറ്റപത്രത്തിലെ ഒൻപതാം പ്രതിയാണ് മുരളി തന്നിത്തോട്. കേസിൽ ആകെ 24 പേരെയാണ് സി.ബി.ഐ. പ്രതിചേർത്തിരുന്നത്. ഇതിൽ ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെ പത്തുപേർക്ക് ഇരട്ട ജീവപര്യന്തം തടവും മുൻ എം.എൽ.എ. കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെ നാലുപേർക്ക് അഞ്ചുവർഷം തടവുമാണ് എറണാകുളം സി.ബി.ഐ. കോടതി വിധിച്ചത്. ശേഷിക്കുന്ന പത്തുപേരെ കോടതി വെറുതെവിട്ടു. ഇതിനെതിരെയാണ് ശരത്ലാലിന്റെ പിതാവ് സത്യനാരായണനും കൃപേഷിന്റെ പിതാവ് പി.വി. കൃഷ്ണനും ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
കൊലപാതകത്തിന് പിന്നാലെ പീതാംബരൻ ഉൾപ്പെടെയുള്ള നാലു പ്രതികളെ സംഭവസ്ഥലത്തുനിന്ന് വെളുത്തോളി ഗ്രാമത്തിലേക്ക് കാറിൽ എത്തിച്ചത് മുരളി തന്നിത്തോടാണെന്നായിരുന്നു സി.ബി.ഐ. കുറ്റപത്രത്തിലെ ആരോപണം. കോടതി വെറുതെവിട്ട പത്തുപേരിൽ മുരളി തന്നിത്തോട് (44), പ്രദീപ് എന്ന കുട്ടൻ (40), ശാസ്താ മധു (47), റെജി വർഗീസ് (49), എ. ഹരിപ്രസാദ് (36), പി. രാജേഷ് (44) എന്നിവരോടാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരിട്ട് ഹാജരാകാൻ നിർദേശിച്ചിരുന്നത്. മറ്റ് അഞ്ചുപേർക്കുവേണ്ടി കഴിഞ്ഞ ദിവസം അഭിഭാഷകൻ കോടതിയിൽ ഹാജരായിരുന്നു.
മുരളി തന്നിത്തോടിനുവേണ്ടി അഭിഭാഷകൻ ഹാജരാകാതിരിക്കുകയും നേരിട്ട് കോടതിയിലെത്താതിരിക്കുകയും ചെയ്തതോടെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കേസ് 2027 ജനുവരി നാലിന് വീണ്ടും പരിഗണിക്കും. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് നൽകിയ ശിക്ഷ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ. നൽകിയ അപ്പീലും ഇതേ ദിവസം പരിഗണിക്കുന്നുണ്ട്. കേസിൽ തുടർ അന്വേഷണം വേണമെന്ന ആവശ്യവും ശരത്ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങൾ ഉന്നയിച്ചിട്ടുണ്ട്.


