കോഴിക്കോട്: വയോധികരായ സഹോദരിമാര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീജയ, പുഷ്പ എന്നിവരാണ് മരിച്ചത്. തടമ്പാട്ടുതാഴത്ത് ആണ് സംഭവം. വാടക വീട്ടില്‍ ആണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു സഹോദരന്‍ പ്രമോദ് ഇവര്‍ക്കൊപ്പം താമസിച്ചിരുന്നു. ഇയാളെ കാണുന്നില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
രണ്ടു സഹോദരിമാരും സഹോദരനുമാണ് ഇവിടെ താമസിച്ചിരുന്നത്. മൂന്നുവര്‍ഷത്തോളമായി വാടകയ്ക്ക് താമസിച്ചുവരികയാണ്. ഇവരുടെ തറവാട് വീട് മൂഴിക്കലിലാണ്. ഇന്ന് രാവിലെ ഇളയസഹോദരനാണ് ബന്ധുവിനെ വിളിച്ച് സഹോദരി ശ്രീജയ മരിച്ചവിവരം അറിയിക്കുന്നത്. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. തുടര്‍ന്ന് ബന്ധു വീട്ടില്‍ വന്നു നോക്കിയപ്പോഴാണ് രണ്ടു സഹോദരിമാരേയും രണ്ടു മുറികളിലായി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പുതപ്പിച്ച നിലയിലായിരുന്നു. 67 ഉം 71 വയസ്സുള്ള സഹോദരിമാരാണ് മരിച്ചത്. ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. പ്രമോദിന്റെ ടവര്‍ ലൊക്കേഷന്‍ വെച്ച് അന്വേഷിച്ചപ്പോള്‍ ഫറോക്കിലാണ് അവസാനമായി ഫോണ്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ലോട്ടറിക്കച്ചവടം നടത്തുന്നയാളാണ് പ്രമോദ്. ഇയാള്‍ക്ക് വേണ്ടി അന്വേഷണം തുടങ്ങിയിട്ടുണ്ട്.






