മലപ്പുറം: കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ കർണാടക ആർടിസി ഡ്രൈവർ വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. നിലമ്പൂർ ഡിപ്പോയിലെ ഡ്രൈവറും മലപ്പുറം കാവന്നൂർ സ്വദേശിയുമായ എൻ. എം. നസീഫാണ് അപകടം ഒഴിവാക്കിയത്.
മൈസൂരു– ബെംഗളൂരു ദേശീയപാതയിൽ യാത്രയ്ക്കിടെയാണ് സംഭവം. ഒരു ട്രക്ക് ഇടിക്കാതിരിക്കാൻ കർണാടക ആർടിസി ബസ് ദേശീയപാതയുടെ മറുവശത്തേക്ക് കയറിയപ്പോൾ, അപകടം ഒഴിവാക്കാൻ നസീഫ് തന്റെ കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറ്റി നിർത്തുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പ്രതികരിച്ച നസീഫ്, ജീവൻ രക്ഷിക്കാനാണ് ബസ് വലതുവശത്തേക്ക് തിരിച്ചതെന്ന് പറഞ്ഞു. തന്റെ ജീവിതത്തിൽ ഇത്തരമൊരു അപകടം നേരിൽ കണ്ടിട്ടില്ലെന്നും, ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കെഎസ്ആർടിസി ബസിന് കേടുപാടുകൾ സംഭവിച്ചെങ്കിലും കർണാടക ആർടിസി ഡ്രൈവറുടെ ജീവൻ രക്ഷിക്കാനായതാണ് ഏറ്റവും വലിയ ആശ്വാസമെന്നും നസീഫ് കൂട്ടിച്ചേർത്തു.






