കുമരകം: കുമരകത്തെ റോഡുകള്‍ക്ക് ഇനി ഹരിതശോഭ. കുമരകം നേച്ചര്‍ ക്ലബ്ബ്, ‘എന്റെ പ്രോജക്ട് നമ്മുടേതും’ എന്ന ആശയത്തിന്റെ ഭാഗമായി സാവിത്രി കവല – നസ്രത്ത് പള്ളി റോഡിന്റെ സൗന്ദര്യവല്‍ക്കരണ പദ്ധതിക്ക് തുടക്കമിട്ടു.
റോഡിന്റെ സംരക്ഷണത്തിനായി ഒരു സമിതി രൂപീകരിക്കുകയും ചെയ്തു. പങ്കാളിത്തമാണ് പദ്ധതിയുടെ വിജയത്തിന് ഏറ്റവും പ്രധാനമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കുമരകത്തെ മുഴുവനായും സൗന്ദര്യവല്‍ക്കരിച്ച് സംരക്ഷിച്ചു നിര്‍ത്തുക എന്നതാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.
. കോട്ടയം ഡിവിഷന്‍ സോഷ്യല്‍ ഫോറസ്റ്ററി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ കെ.ബി സുഭാഷ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. നേച്ചര്‍ ക്ലബ്ബ് പ്രസിഡന്റ് എബ്രഹാം കെ. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് വെറ്റ്‌ലാന്റ് അതോറിറ്റി കേരള അസിസ്റ്റന്റ് ഡയറക്ടര്‍ ജോണ്‍ സി. മാത്യു മുഖ്യപ്രഭാഷണം നടത്തി.
നവനസ്രത്ത് പള്ളി വികാരി ഫാദര്‍ സിറിയക്ക് വലിയ പറമ്പില്‍, ശ്രീകുമാരമംഗലം ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടന്‍, നേച്ചര്‍ ക്ലബ്ബ് ഉപദേശക സമിതി അംഗം വി.ജി ശിവദാസ് കലാക്ഷേത്രം എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ടി.യു സുരേന്ദ്രന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് എസ്.ഡി പ്രേംജി നന്ദിയും പറഞ്ഞു.
പങ്കെടുത്ത എല്ലാവരും ഒരേസമയം തൈകള്‍ നട്ട് പദ്ധതിക്ക് ഹരിത തുടക്കം നല്‍കി. പി.എസ്സ് രഘു, സുമം കെ. ജോസഫ്, ജേക്കബ്ബ് സി കുസുമാലയം, മുകേഷ് ഫിലിപ്പ്, കെ.ജി ബിനു, ഡോ. മാഗി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.










