സി പി സുഗതൻ
കുമ്മനം ചേട്ടാ നമസ്തേ… അങ്ങൊന്നു ശ്രദ്ധിച്ചാൽ നല്ലത്, “കുമ്മനടി സ്വാമികൾ” എന്നു സ്നേഹത്തോടെ നമ്മുടെ ആൾക്കാർ തന്നെ അങ്ങയെ (കേൾക്കാതെ) വിളിക്കുന്നുണ്ട് എന്നങ്ങേക്ക് അറിയാമോ?. പണ്ട് പ്രധാനമന്ത്രി വന്നപ്പോൾ പ്രോട്ടോകോൾ തെറ്റിച്ചു നിർബന്ധം ചെലുത്തി അങ്ങ് പ്രധാന മന്ത്രിയുടെ സ്റ്റേജിൽ കയറിപ്പറ്റിയപ്പോൾ സോഷ്യൽ മീഡിയ അങ്ങേക്ക് ഇട്ട പേരാണ് “കുമ്മനടി സ്വാമികൾ “എന്നത്.”കുമ്മനടിക്കുക”എന്നു പറഞ്ഞാൽ അനർഹമായി എവിടെയും ഇടിച്ചു കയറുക എന്നത് മലയാള ഭാഷാ താരാവലിയിൽ തന്നെ denote ചെയ്യപ്പെടുന്ന പദമായി മാറിയിരിക്കുന്നു എന്നു തമാശയായി പറയാം.
“തുണിലും തുരുമ്പിലും ദൈവമിരിക്കുന്നു” എന്ന പാട്ടിനെ അർത്ഥവത്താകുന്ന രീതിയിലേക്ക് അങ്ങയുടെ സംഘടനാ ശൈലി മാറിയിരിക്കുന്നില്ലേ? എല്ലായിടത്തും കാണുന്നതിനെ “കുമ്പിടി”എന്നും ട്രോൾ ഉണ്ട്. സത്യത്തിൽ കഴിഞ്ഞ 50വർഷമായി അങ്ങൊരു കുമ്പിടി റോളിൽ അല്ലേ? സർവ്വവ്യാപി യാണ്. കേരളത്തിലെ സംഘപരിവാർ പ്രസ്ഥാനങ്ങൾ എവിടെയെങ്കിലും ഒരു കമ്മിറ്റി രൂപീകരിച്ചാൽ ചേട്ടൻ അതിൽ കാണും. എവിടെയെങ്കിലും സംഘപരിവാർ പ്രസ്ഥാനങ്ങൾ ഒരു യോഗം നടത്തിയാൽ ചേട്ടൻ സ്റ്റേജിൽ കാണും. അങ്ങ് ആരാധ്യനായ നേതാവ് ആയതു കൊണ്ട് എല്ലായിടത്തും സ്നേഹമുള്ളവർ വിളിക്കും.
ചേട്ടൻ പോകുന്നതും നല്ലതാണ്. പക്ഷെ ചേട്ടന് ഒരു ഔചിത്യമൊക്കെ വേണ്ടേ? മറ്റുള്ളവർക്ക് പ്രത്യേകിച്ചു യുവ തലമുറയിൽ പെട്ടവരും പ്രസംഗിച്ചു പഠിക്കണം. അവർക്കും സ്റ്റേജിൽ സ്ഥാനം കിട്ടണം. പുതു തലമുറ നേത്യനിര ഉണ്ടാകണം. പുതിയ സംഘാടകർ ഉണ്ടാകണം ഇങ്ങനെയൊന്നും ചേട്ടൻ ആലോചിക്കാറില്ലേ.?RSS ൽ OK. സ്വയം സേവകർ നിത്യവും ശാഖയിൽ പോകണം. അതു മാത്രമേ ശരി യുള്ളൂ. പക്ഷെ ചേട്ടൻ VHP, ക്ഷേത്രസംരക്ഷണ സമിതി, ഹിന്ദു ഐക്യ വേദി, ജന്മഭൂമി, അയ്യപ്പ സേവ സമാജം, മാർഗ ദർശക് മണ്ഡൽ, ബി ജെപി,…. തുടങ്ങി സംഘപരിവാർ രൂപീകരിക്കുന്ന എല്ലാ കർമസമിതികളിലും അങ്ങ് സ്ഥാനം നേടി നേതാവാകും. ഒക്കെ നല്ലത് തന്നെ ചേട്ടാ. എല്ലായിടത്തും പോകണം. എല്ലാവരെയും സഹായിക്കണം. സ്വയം സേവകർ ശാഖയിൽ നിന്നും വിവിധ ക്ഷേത്രങ്ങളിൽ പ്രവർത്തിച്ചു ആ ക്ഷേത്രത്തെ വിജയത്തിലെത്തിക്കണം.
പൂജനീയ സർസംഘചാലക് ബാല സാഹിബ് ദേവരാസ്ജി വിവിധ ക്ഷേത്രങ്ങൾ ഉണ്ടാക്കിയത് സ്പെഷ്യലൈസേഷനു വേണ്ടിയാണു. സേവനത്തിൽ താല്പര്യമുള്ളവർ സേവാ ഭാരതിയിൽ പോകുക. രാഷ്ട്രീയത്തിൽ താൽ പര്യമുള്ളവർ ബിജെപി യിൽ പോകുക. ആത്മീയ കാര്യങ്ങളിൽ താല്പര്യമുള്ളവർ VHP യിൽ പോകുക…….. അങ്ങനെ ഇഷ്ടത്തിന് പ്രവർത്തിക്കാൻ മേഖല തിരഞ്ഞെടുത്ത് പോകണം. എല്ലായിടത്തും ഒരേ സമയം പ്രവർത്തിക്കാൻ ഉദ്ദേശിച്ചു കാണില്ല.
വാജ്പൈജിയും, അദ്വാനിജിയും അവർക്കു താൽപ്പര്യമുള്ള രാഷ്ട്രീയം തിരഞ്ഞെടുത്തു അതിൽ ഉറച്ചു നിന്നു ജീവിതം മുഴുവൻ അതിനു വേണ്ടി ശ്രദ്ധിച്ചു പ്രവർത്തിച്ചത് കൊണ്ടാണ് ഇന്നു ബിജെപി രാജ്യം ഭരിക്കുന്നത്. ഒപ്പം തൊഴിലാളി പ്രസ്ഥാനം ടെങ്ങഡിജി എടുത്തു BMS നെ അദ്ദേഹം ലോകത്തെ ഒന്നാം നമ്പർ ആക്കി. അങ്ങനെ നമുക്ക് ഓരോ ഫീൽഡിലും സ്പെഷ്യലിസ്റ്റുകൾ ഉണ്ടായി. സംഘം ഉദ്ദേശിച്ച ലെവലിൽ പരിവാർ പ്രസ്ഥാനങ്ങൾ വളർന്നു. വാജ്പൈജീയും, അഡ്വാനിജിയും ഒന്നും ബിജെപിയിൽ ഇരിക്കുമ്പോൾ VHP ആകാനും, അങ്ങയെപ്പോലെ സപ്താഹ ആചര്യനാകാനും പോയതായി അറിവില്ല.
അങ്ങ് ഇന്നും ബിജെപി യിലാണ്.
കേരളത്തിൽ ബിജെപിക്കു ആകെ ഉണ്ടായിരുന്ന നേമം സീറ്റ് കളഞ്ഞു കുളിച്ച നേതാവാണ് അങ്ങെന്നു ഓർക്കണം. കേരളത്തിൽ ഒരേ ഒരു ഹിന്ദു സംഘടന മാത്രമേ ഉള്ളു അങ്ങയെ തലപ്പത്ത് കൊണ്ട് വരാതെയിരുന്നത്. അതു ഹിന്ദു പാ ർലമെന്റ് മാത്രമാണ്. കുമ്മനം ചേട്ടന്റെ ശരണം വിളിയോടെ ലെവി പാലസിൽ തുടങ്ങി. അതിന്റെ ഒന്നാം ഹിന്ദുപാർലമെന്റ് തിരുവനന്തപുരത്ത് 2010ഏപ്രിലിൽ കൂടുമ്പോൾ, മുഖ്യപ്രഭാഷണം പരമേശ്വർജി, ഓ. രാജഗോപാൽ അധ്യക്ഷൻ, ഉത്രാടം തിരുനാൾ മഹാരാജാവ് മുഖ്യഅതിഥി, അന്ന് ചേട്ടൻ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രഡിഡന്റ് ആണ്.
ഹിന്ദു പാർലമെന്റ് സമുദായ സംഘടനകളുടെ appex ബോഡിയാണല്ലോ. ഹിന്ദു ഐക്യ വേദിക്കാർ നടത്തുന്ന പരുപാടിയാണെന്ന് വരാതെയിരിക്കാൻ കുമ്മനം ചേട്ടനെ മുഖ്യവേദിയിൽ വെണ്ട സെമിനാറിൽ മതി എന്നു നിയുക്ത ചെയർമാൻ വെള്ളാപ്പള്ളി സർ പറഞ്ഞിട്ടാണ് ഞാൻ അങ്ങയെ വേദിയിൽ ക്ഷണിക്കാതെ യിരുന്നത്. അതിന്റെ നീരസം ഇന്നും അങ്ങ് മറന്നിട്ടില്ല. ഞാൻ പിണറായിയുടെ ചാരൻ ആണെന്ന് ഇന്നും അങ്ങ് പറയുന്നുണ്ട്.
ജന്മം ഭൂമി പത്രത്തിലോ, ജനം TV യിലോ പിന്നീട് ഒരിക്കലും ഹിന്ദു പാർലമെൻ്റ് നടത്തുന്ന പരുപാടികളുടെ വാർത്ത വന്നിട്ടില്ല. എന്തായാലും അങ്ങേക്ക് ബിജെപി ഇപ്പോൾ നെൽ കർഷകരുടെ പ്രശ്നം പഠിക്കാനുള്ള ചുമതല തന്നിരിക്കുകയാണല്ലോ. എന്റെ ചേട്ടാ കേരളത്തിൽ എത്രയോ കൃഷി ശാസ്ത്രജർ ബിജെപി അനുഭാവികൾ ഉണ്ട്, കൃഷിക്കാർ ഉണ്ട്. അവർക്കു ആർക്കെങ്കിലും ഈ ചുമതല കൊടുത്തിരുന്നു എങ്കിൽ അത്രയും പാർട്ടി ആക്റ്റീവ് ആയേനെ. പുതിയ തലമുറയ്ക്ക് കേരളത്തിൽ വളരാൻ സാധിക്കുന്നില്ല എന്ന തോന്നലിൽ നിന്നാണ് ഞാൻ ഇത്രയും കുറിച്ചത്. ചേട്ടൻ ക്ഷമിക്കുക. വ്യക്തിപരമല്ല ഒന്നും.






