മലപ്പുറം: വേങ്ങര ബ്ലോക്ക് മുസ്ലിം ലീഗ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനായി ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ ബഹളം. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ പി.കെ. അബൂ ത്വാഹിറിനെ ബ്ലോക്ക് പ്രസിഡന്റാക്കാനുള്ള നീക്കത്തിനെതിരെയാണ് ഒരു വിഭാഗം അംഗങ്ങൾ പ്രതിഷേധിച്ചത്. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനായി ചേർന്ന യോഗം ബഹളം കാരണം പിരിച്ചുവിട്ടു. യോഗത്തിൽ നന്ദി പറയാനുള്ള അവസരം പോലും അനുവദിക്കാതെ അംഗങ്ങൾ ഇറങ്ങിപ്പോയതായാണ് വിവരം.
പി.കെ. അബൂ ത്വാഹിറിനെ ബ്ലോക്ക് പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം കത്ത് നൽകിയിരുന്നു. നിരീക്ഷകനായ എം.കെ. ബാവ യോഗത്തിൽ ഈ കത്ത് വായിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്.
അതേസമയം, മണ്ഡലം സെക്രട്ടറി ഇ.കെ. സുബൈർ മാസ്റ്ററെ ബ്ലോക്ക് പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം യോഗത്തിൽ അംഗങ്ങൾ പാസാക്കി. വേങ്ങര ബ്ലോക്ക് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള ഔദ്യോഗിക യോഗം ഓഗസ്റ്റ് 22ന് നടക്കും.


