കുവൈത്ത് സിറ്റി: ഹജ്ജ് തീർത്ഥാടനത്തിനൊരുങ്ങുന്ന പൗരന്മാർക്കും പ്രവാസികൾക്കും ആവശ്യമായ എല്ലാ പ്രതിരോധ കുത്തിവെപ്പുകളും രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദി ആരോഗ്യ അധികൃതർ നിർദേശിക്കുന്ന ആരോഗ്യ സർട്ടിഫിക്കറ്റുകളും ഇവിടങ്ങളിൽ നിന്ന് ലഭ്യമാക്കുന്നതാണ്. യാത്രയ്ക്കു കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും വാക്സിനേഷൻ പൂർത്തിയാക്കണമെന്ന് നിർദേശം നൽകി. തീർത്ഥാടകരുടെ സുരക്ഷയും പകർച്ചവ്യാധി നിയന്ത്രണവുമാണ് ഇതിന്റെ ലക്ഷ്യം.
കോവിഡ്-19 വാക്സിനും മെനിഞ്ചൈറ്റിസ് വാക്സിനും നിർബന്ധിത കുത്തിവെപ്പുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. കോവിഡ്-19 വാക്സിൻ സ്വീകരിക്കുകയോ, മുൻപ് എടുത്ത കുത്തിവെപ്പിന്റെ തെളിവോ പ്രതിരോധശേഷി തെളിയിക്കുന്ന രേഖകളോ സമർപ്പിക്കുകയോ ചെയ്യാം. 65 വയസിന് മുകളിലുള്ളവർ, ഗർഭിണികൾ, ഹൃദയ, ശ്വസന, വൃക്ക, നാഡീവ്യവസ്ഥ സംബന്ധമായ ദീർഘകാല രോഗങ്ങളുള്ളവർ എന്നിവർക്കു പ്രത്യേകിച്ച് കോവിഡ്-19 വാക്സിനേഷൻ സ്വീകരിക്കാൻ മന്ത്രാലയം ശുപാർശ ചെയ്തു. സിക്കിൾ സെൽ അനീമിയ, തലസീമിയ പോലുള്ള പാരമ്പര്യ രക്തരോഗങ്ങളുള്ളവർക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും കുത്തിവെപ്പ് നിർബന്ധമായും പരിഗണിക്കണമെന്ന് അറിയിച്ചു.
ഹജ്ജ് സമയത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നതിനായി സീസണൽ ഇൻഫ്ലുവൻസ വാക്സിനും ന്യൂമോകോക്കൽ കൺജഗേറ്റ് വാക്സിനും ഉൾപ്പെടെയുള്ള അധിക കുത്തിവെപ്പുകളും ഗുണകരമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കുവൈത്തിൽ നൽകുന്ന എല്ലാ വാക്സിനുകളും സൗദി ആരോഗ്യ അധികാരികളുടെ അംഗീകാരമുള്ളതാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.






